മൂന്ന് കോടിയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
text_fieldsടെൽസൺ ബാബു, സൈബ്
കൊരട്ടി: ഓപറേഷൻ തൂഫാന്റെ ഭാഗമായി കൊരട്ടി ദേശീയപാതയിൽ നടത്തിയ വാഹനപരിശോധനയിൽ മൂന്ന് കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ ശേഖരം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി പാനാട്ടിൽ ടെൽസൺ ബാബു (36), ഇരിട്ടി ആറളം കയ്യാലക്കകത്ത് സൈബ് (33) എന്നിവരെ അറസ്റ്റ് ചെയ്തു. സവാള കയറ്റിയ ലോറിയിൽ അതിനടിയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 3,76,500 പാക്കറ്റ് ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
750 പാക്കറ്റുകൾ വീതം അടങ്ങിയ 502 ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. 11 ടണ്ണോളം വരുന്ന പുകയില ഉൽപന്നശേഖരവും കടത്താൻ ഉപയോഗിച്ച ലോറിയും കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. മധ്യകേരളത്തിൽ അടുത്തകാലത്ത് പിടികൂടിയ ഏറ്റവും വലിയ നിരോധിത പുകയില ഉൽപന്ന ശേഖരങ്ങളിലൊന്നാണിത്.
തൃശൂർ റേഞ്ച് ഡി.ഐ.ജി ടി. നാരായണന്റെ നിർദേശപ്രകാരം റൂറൽ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈ.എസ്.പി ജെ. കുര്യാക്കോസിന്റെയും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എസ്. പ്രദീപിന്റെയും നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി തടഞ്ഞ് പരിശോധിച്ചത്.
ബംഗളൂരുവിൽനിന്ന് എറണാകുളം ജില്ലയിലെ കാലടിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇവർ പിടിയിലായത്. കൊരട്ടി സബ് ഇൻസ്‌പെക്ടർ വിഷ്ണു രാമചന്ദ്രൻ, ഡാൻസാഫ്-ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സതീശൻ മടപ്പാട്ടിൽ, എ.എസ്.ഐമാരായ വി.യു. സിൽജോ, എ.യു. റെജി, കൊരട്ടി അഡീഷണൽ എസ്.ഐ സി.എസ്. സുമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ് രാജൻ, മാർട്ടിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

