വൈദ്യുതി മോഷ്ടിച്ച് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് മരണം; രണ്ട് പേർ അറസ്റ്റിൽ
text_fieldsടെലിസ്ഫർ കുല്ലു, അമിത് ബത്‌ല
മാള: അതിഥി തൊഴിലാളി മരിച്ചത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വൈദ്യുതാഘാതമേറ്റാണെന്ന് തെളിഞ്ഞതിനെ തുടർന്ന് രണ്ടുപേർ അറസ്റ്റിൽ. കൂടെ താമസിക്കുന്ന ഒഡീഷ സുന്ദർഗഡ് സ്വദേശികളായ അമിത്ബത്‌ല (32), ടെലിസ്ഫർ കുല്ലു (27) എന്നിവരെയാണ് ഇലക്ട്രിസിറ്റി ആക്ടും ചേർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
എരവത്തൂരിലെ ഫോർച്ചുൺ ഗേറ്റ് ഓർഗാനിക് ഫാമിങ് എന്ന പശു വളർത്തൽ കേന്ദ്രത്തിലെ തൊഴിലാളിയായ അജിത്ത് പന്ന (35)യാണ് മരിച്ചത്. പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞദിവസം മാള എരവത്തൂരിൽ വൈദ്യുതി ലൈനിൽനിന്ന് കമ്പി കോർത്ത് കുളത്തിലേക്ക് എറിഞ്ഞ് മത്സ്യബന്ധനത്തിന് ശ്രമിക്കുന്നതിനിടയിലാണ് അജിത് പന്ന (35) ഷോക്കേറ്റ് കുളത്തിലേക്ക് വീണത്.
കൂടെ താമസിക്കുന്ന ഇവർ ഇയാളെ എടുത്ത് കരക്ക് എത്തിച്ചെങ്കിലും ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ല. മരണം മൂടിവെക്കുകയും ചെയ്തു. ഫാമിലെ മറ്റൊരു തൊഴിലാളി രാവിലെ പാൽ കറക്കാൻ വേണ്ടി എഴുന്നേൽക്കുമ്പോഴാണ് അജിത് പന്ന എഴുന്നേൽക്കുന്നില്ല എന്ന് കൂട്ടുകാർ പറയുന്നത്. ഉടമയെ വരുത്തി ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതിനാൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് മരണം വൈദ്യുതാഘാതമേറ്റാണെന്ന് തെളിഞ്ഞത്.
മരണം ഇലക്ട്രിക് ലൈനിൽനിന്ന് വൈദ്യുതി മോഷ്ടിച്ച് മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് കൂടെ താമസിച്ചിരുന്ന അമിത് ബത്‌ലയെയും, ടെലിസ്ഫർ കുല്ലുവിനെയും കസ്റ്റഡിയിലെടുത്തത്. ഇൻക്വസ്റ്റ് സമയത്ത് മൃതദേഹത്തിൽ ഷോക്കേറ്റ പൊള്ളലുകൾ കണ്ടെത്തിയിരുന്നു. വൈദ്യുത മോഷണത്തിന് ഇലക്ട്രിസിറ്റി ആക്ട് 135-1 (എ) പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. മാള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ. പി.എം. റഷീദ്, ജി.എസ്.ഐമാരായ അനിൽകുമാർ, മുഹമ്മദ് ബാഷി, എ.എസ്.ഐ നജീബ്, ജി.എസ്.സി.പി.ഒമാരായ ദിബീഷ്, കെ.എഫ്. വിനോദ് നവീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

