തുരങ്കപാത നിർമാണം: ദുരിതത്തിൽ ചാക്കോയും കുടുംബവും
text_fieldsകുതിരാൻ തുരങ്കപാതക്ക് സമീപം താമസിക്കുന്ന കുന്നപ്പിള്ളി ചാക്കോയുടെ ഭാര്യ അല്ലി
തൃശൂർ: കുതിരാൻ രണ്ടാം തുരങ്കം തുറന്നതിന്റെ മുഴുവൻ പൊടിശല്യത്തിൽ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് തുരങ്കപാതയുടെ തൊട്ടടുത്ത വീട്ടുകാരിയായ കുന്നപ്പിള്ളി ചാക്കോയുടെ ഭാര്യ അല്ലി. ഹൈവേ വികസനത്തിന് 23 സെന്റ് വിട്ടുനൽകിയതാണ്. തുരങ്കപാത നിർമാണത്തിനിടെ പാറപൊട്ടിക്കാനുള്ള സ്ഫോടനത്തിൽ തകർന്നതാണ് വീട്. അതിനോട് ചേർന്നുള്ള ചെറു കെട്ടിടത്തിലാണ് ഇപ്പോൾ താമസം. വീടിന് നഷ്ടപരിഹാരം ചോദിച്ചുള്ള നിയമനടപടികൾ നടന്നുവരികയാണ്.
തുരങ്ക നിർമാണ സമയത്ത് ചാക്കോയെയും ഭാര്യയെയും നിർമാണക്കരാറുകാർ വേറെ വാടക വീട്ടിൽ താമസിപ്പിച്ചു. പകരം ഇവരുടെ വീടിന്റെ ഒരുഭാഗത്ത് നിർമാണക്കാരാറുകാരുടെ തൊഴിലാളികളെ താമസിപ്പിക്കുകയായിരുന്നു. വാടക തന്ന് ഇവർ താമസിച്ചു. പിന്നീട് പണി തീരാറായതോടെ വാടക മുടങ്ങി. ഇതോടെ തിരിച്ചെത്തി ചാക്കോയും അല്ലിയും താമസം തുടങ്ങി. ഇപ്പോൾ തുരങ്കപാതയോട് ചേർന്ന ഇലക്ട്രിക് പോസ്റ്റ് ഇവരുടെ അതിർത്തിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് മാറ്റിനൽകണമെന്ന് കലക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ, നടപടി ഉണ്ടായിട്ടില്ല.
തുരങ്കം ഉയർന്ന് റോഡ് വീതി കൂട്ടി പരന്ന് കിടന്നതോടെ അവിടേക്ക് കടക്കാനുള്ള വഴിക്കായി ഏറെ നാൾ നിർമാണക്കരാറുകാരുടെയും ജില്ല ഭരണകൂടത്തിന്റെയും അനുമതി തേടി നടന്നു. വീട്ടിലേക്കുള്ള വഴി വിട്ടുതരണമെന്ന് അപേക്ഷിച്ച് ജില്ല ഭരണകൂടത്തിന് കത്ത് നൽകിയിരുന്നു. ഒടുവിൽ റോഡിന്റെ ഒരു ഭാഗത്ത് ചെറു ഇടം നീക്കിവെച്ചിട്ടുണ്ടെന്ന് അധികൃതർ ഇവരോട് പറഞ്ഞിട്ടുണ്ട്. ഭാവയിൽ ഈ വാക്ക് മാറുമോ എന്നറിയാതെ ആശങ്കയിലാണ് ചാക്കോയും അല്ലിയും.