കുഞ്ഞു മാമി വൈദ്യരുടെ സമാധി അറ കണ്ടെത്തി
text_fieldsഎടമുട്ടത്ത് കണ്ടെത്തിയ കുഞ്ഞു മാമി വൈദ്യരുടെ സമാധി അറ
തൃപ്രയാർ: ശ്രീനാരായണ ഗുരുവിന്റെ വൈദ്യൻ ചോലയിൽ കുഞ്ഞു മാമി വൈദ്യരുടെ സമാധി അറ കണ്ടെത്തിയെങ്കിലും തുറന്നില്ല. വ്യാഴാഴ്ച രാത്രി പൊലീസ് നിരീക്ഷണത്തിലായിരുന്നു സ്ഥലം.
കഴിഞ്ഞ ദിവസം ദേശീയപാത അധികൃതർ സമാധി മന്ദിരം പൊളിച്ചിരുന്നു. വൈദ്യരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് പരിശോധിച്ചപ്പോഴാണ് സമാധി അറ കണ്ടെത്തിയത്. സമാധിയിരുത്തിയിരിക്കുന്നത് സ്വർണത്തിൽ നിർമിച്ച കസേരയിലാണെന്നും സ്വർണത്തളികയിലാണെന്നുമുള്ള ഊഹം പരന്നതോടെയാണ് അറ തുറക്കൽ നിർത്തിവെച്ചത്.
1933ലാണ് സമാധിയിരുത്തിയത്. സ്വർണ നിർമിത കസേരയിലാണ് സമാധിയിരുത്തിയതെന്നതിന് രേഖകളൊന്നുമില്ല. തായ് വഴികളായുള്ള പറഞ്ഞറിവ് മാത്രമാണുള്ളത്. പൊലീസ്, റവന്യൂ, പുരാവസ്തു വകുപ്പ് എന്നിവയുടെ സാന്നിധ്യത്തിലാവും ഇനി സമാധി തുറക്കുക. അതിനിടെ അറ തുറക്കാതെ അടിയോടെ ഇളക്കിയെടുത്ത് സ്വന്തം സ്ഥലത്ത് സ്ഥാപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.