എടമുട്ടത്ത് 9000 പാക്കറ്റ് ഹാൻസ് പിടികൂടി
text_fieldsഎടമുട്ടത്ത് പിടികൂടിയ ഹാൻസുമായി പൊലീസ് സംഘം
തൃപ്രയാർ: എടമുട്ടത്ത് കാറിൽ കടത്തിയ നിരോധിത പുകയില ഉൽപന്നമായ ഹാൻസിന്‍റെ വൻ ശേഖരം പിടികൂടി. തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തിയ ഹാൻസ് പിടിച്ചെടുത്തത്.
കാറിനകത്ത് ആറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9000 പാക്കറ്റ് ഹാൻസാണ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി മണിയെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
സമാന കേസിൽ നേരത്തേ ഇയാൾ പിടിയിലായിട്ടുണ്ട്. കടകളിൽ വിൽപനക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കേസിൽ നിരവധി തവണ പിടിയിലായിട്ടുള്ള കോതകുളം സ്വദേശി ജലീലിന്‍റെ സഹായിയാണ് മണി.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് പുകയില ഉൽപന്നങ്ങൾ കൊണ്ടുവരുന്നതെന്ന് പൊലീസ് പറഞ്ഞു. വലപ്പാട് ഇൻസ്പെക്ടർ കെ.എസ്. സുശാന്ത്, ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനിൽ, എസ്.ഐമാരായ അരവിന്ദാക്ഷൻ, അരുൺ മോഹൻ, എ.എസ്.ഐ സി.ആർ. പ്രദീപ്, നിഷാന്ത്, ബിജു, ശിവദാസ്, ആഷിക്ക്, അനുരാജ്, അഭിലാഷ്, പ്രണവ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.