തളിക്കുളം ബാറിൽ വിറ്റഴിച്ചത് 35 ലക്ഷം രൂപയുടെ വ്യാജമദ്യം
text_fieldsrepresentational image
തൃപ്രയാർ: എക്സൈസ് അടച്ചു പൂട്ടിയ തളിക്കുളം ബാറിൽ രണ്ടാഴ്ചയായി വിറ്റഴിച്ചത് 35 ലക്ഷം രൂപയുടെ വ്യാജമദ്യം. ഒറ്റ ദിവസത്തിൽ തന്നെ രണ്ടര ലക്ഷം രൂപയുടെ വ്യാജമദ്യമാണ് വിറ്റഴിക്കുന്നത്. ഇങ്ങനെ വിൽപന തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ദിവസം വിൽപനക്കായി കൊണ്ടുവന്ന മദ്യമാണ് പിക് അപ് വാനിൽനിന്ന് പിടിച്ചത്. സ്പിരിറ്റിലും ചാരായത്തിലും വിദേശമദ്യത്തിന്റെ നിറം ചേർത്താണ് വിൽപന നടത്തിവന്നത്. അറസ്റ്റു ചെയ്ത ഒന്നാം പ്രതി ബാർ മാനേജർ ഹാരി സാബുവിനെ കോടതി റിമാൻഡു ചെയ്തു.
രണ്ടാം പ്രതി ലൈസൻസി കൃഷ്ണരാജ് ഒളിവിലാണ്. ബാറുകളിൽ നടത്തിവരുന്ന പരിശോധനകൾക്കിടെയാണ് തളിക്കുളത്തെയും വ്യാജമദ്യം കണ്ടെത്തിയതെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഡി. ശ്രീകുമാർ പറഞ്ഞു.