പത്തു പഞ്ചായത്തുകളിൽ മൂന്നു ദിവസം കുടിവെള്ളം മുടങ്ങും
text_fieldsതൃപ്രയാർ: മൂന്നു പഞ്ചായത്തുകളിൽ കുടിവെള്ളമില്ലെന്ന് എം.എൽ.എ വകുപ്പു മന്ത്രിക്ക് നൽകിയ പരാതിക്ക് പുല്ലുവില. ഇനിയുള്ള മൂന്നു ദിവസം 10 പഞ്ചായത്തുകളിൽ കുടിവെള്ളമുണ്ടാകില്ലെന്ന് വാട്ടർ അതോറിറ്റി അറിയിപ്പിറക്കി.
കേരള വാട്ടർ അതോറിറ്റി നാട്ടിക സബ്‌ഡിവിഷനു കീഴിൽ വരുന്ന വെള്ളാനി ജല ശുദ്ധീകരണ ശാലയിലെ പമ്പിങ് പൈപ്പുകളിലെയും നാട്ടിക ഫർക്ക ജലവിതരണ ശൃംഖലയിലെ പ്രധാന പൈപ്പ് ആയ 700 mm ഗ്രാവിറ്റി മെയിനിലെയും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 17, 18, 19 തീയതികളിൽ ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം.
നാട്ടിക, വലപ്പാട്, എടത്തിരുത്തി, കൈപ്പമംഗലം, മതിലകം, ശ്രീനാരായണപുരം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകളിൽ അന്നേ ദിവസങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നാട്ടിക സബ്‌ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പൈപ്പുകൾ പൊട്ടി കുടിവെള്ളം മുടങ്ങൽ ഇവിടങ്ങളിൽ പതിവാണ്.
കഴിഞ്ഞ ദിവസം തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ കുടിവെള്ളമില്ലെന്നു സൂചിപ്പിച്ച് എൻ.കെ. അക്ബർ എം.എൽ.എ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.