ഡി.സി.സി പ്രസിഡൻറ് ഏകാധിപതി –ഇസ്മായിൽ അറയ്ക്കൽ
text_fieldsതൃപ്രയാർ: ഡി.സി.സി പ്രസിഡൻറ് ഏകാധിപതിയായി ഗ്രൂപ്പ് പ്രവർത്തനം നടത്തുകയാണെന്ന് കോൺഗ്രസിൽനിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയ വലപ്പാട് മണ്ഡലം കമ്മിറ്റി സെക്രട്ടറിയായിരുന്ന ഇസ്മായിൽ അറയ്ക്കൽ ആരോപിച്ചു. ഗ്രൂപ്പ് പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് ഡി.സി.സി പ്രസിഡൻറിനോട് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടതോടെ കേട്ടാലറക്കുന്ന തെറിയും തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കലുമാണ് നടന്നതെന്ന് ഇസ്മായിൽ പറയുന്നു. ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്നും അതിനുള്ള കടുംവെട്ട് നാട്ടികയിൽനിന്ന് തുടങ്ങണം എന്നുമായിരുന്നു ഇസ്മായിലിെൻറ പോസ്റ്റ്. അതിനെ തുടർന്ന് കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഫോണിൽ വിളിച്ച് തെറി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂന്ന് മിനിറ്റോളം നീണ്ട ഫോൺ വിളിയിൽ 'നീ ആരാടാ പോസ്റ്റിടാനെ'ന്ന് ചോദിച്ചാണ് തെറിവിളിച്ചത്. തല തല്ലിപ്പൊളിക്കുമെന്നും കാല് തല്ലിയൊടിക്കുമെന്നും ഭീഷണിയുണ്ടായി.
സംഭവത്തിൽ കെ.പി.സി.സി, ഡി.സി.സി പ്രസിഡൻറുമാർക്കും മണ്ഡലം കമ്മിറ്റിക്കും പരാതി നൽകി. എന്നാൽ, ഡി.സി.സി ഓഫിസിലേക്ക് വിളിപ്പിച്ച് ഫേസ്ബുക്കിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടത്. അതിന് വഴങ്ങാതിരുന്നപ്പോൾ ഫേസ്ബുക്ക് പോസ്റ്റിെൻറ പേരിൽ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. താൻ ചെയ്തത് സംബന്ധിച്ച് തന്നോട് വിശദീകരണം പോലും ചോദിച്ചില്ലെന്ന് ഇസ്മായിൽ പറഞ്ഞു.
പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. പിന്നീട് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നു എന്നാണ് അറിയിച്ചത്. തന്നെ തെറിവിളിച്ച് ഭീഷണിപ്പെടുത്തിയ സ്വന്തം ഗ്രൂപ്പുകാരനെ സംരക്ഷിക്കുന്ന ഡി.സി.സി പ്രസിഡൻറിെൻറ ഗ്രൂപ്പ് കളിയുടെ ഇരയാണ് താനെന്നും കോൺഗ്രസിൽ തുടരുമെന്നും തെറ്റ് കണ്ടാൽ ഇനിയും പ്രതികരിക്കുമെന്നും വീണ്ടും പോസ്റ്റിട്ടു. തന്നെ തെറി വിളിച്ച് ഭീഷണിപ്പെടുത്തിയ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിക്കെതിരെ വലപ്പാട് എസ്.എച്ച്.ഒക്ക് പരാതി നൽകിയതായും ഇസ്മായിൽ പറഞ്ഞു.