പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്നുവെന്ന്; മന്ത്രി കെ. രാജെൻറ കാർ തടഞ്ഞ് കരിങ്കൊടി
text_fields
നാട്ടികയിൽ റവന്യൂ മന്ത്രി കെ. രാജെൻറ വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി ഉയർത്തുന്നു
തൃപ്രയാർ: നാട്ടികയിൽ മന്ത്രി കെ. രാജെൻറ കാർ തടഞ്ഞ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി ഉയർത്തി. പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുകയും കേസ് അട്ടിമറിക്കാൻ ഭരണസ്വാധീനം ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് കരിങ്കൊടിയുമായി മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്.
കോൺഗ്രസ് പുറത്താക്കിയ പോക്സോ കേസ് പ്രതിയെ സി.പി.ഐ സംരക്ഷിക്കുകയാണ്. സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിൽ പോക്സോ കേസ് പ്രതിക്ക് സ്ഥാനം നൽകുന്നത് എന്തിെൻറ അടിസ്ഥാനത്തിലാണെന്ന് യുവജന സംഘടനയുടെ അഖിലേന്ത്യ നേതാവായ മന്ത്രി രാജൻ വ്യക്തമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഞായറാഴ്ച രാവിലെ 10ന് നാട്ടിക ശ്രീനാരായണ ഹാളിലെ വയോജന ദിനാചാരണത്തിെൻറ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചത്.
യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻറ് സുമേഷ് പാനാട്ടിൽ, വൈസ് പ്രസിഡൻറ് ബിനോയ് ലാൽ, കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് എ.എസ്. ഗ്രീജിൽ, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിമാരായ വൈശാഖ് വേണുഗോപാൽ, യദുകൃഷ്ണൻ അന്തിക്കാട്, കെ.എസ്.യു നാട്ടിക നിയോജക മണ്ഡലം പ്രസിഡൻറ് സച്ചിൻ ടി. പ്രദീപ് എന്നിവരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ കായികമായി കൈയേറ്റം ചെയ്തവർക്കതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ആവശ്യപ്പെട്ടു.