40,000 തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലെന്ന്; അലിവ് തോന്നണമെന്ന് സർക്കാറിനോട് അഭ്യർഥിച്ച് അസോസിയേഷൻ
text_fieldsതൃശൂർ: ബ്യൂട്ടിഷ്യൻ മേഖലയിലെ 40,000 തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാണെന്നും സർക്കാർ അടിയന്തരമായി അലിവ് തോന്നണമെന്നും കോൺഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടിഷ്യൻ (സി.കെ.ബി). ഒന്നാം കോവിഡ് മഹാമാരിക്കാലത്ത് ലോക്ഡൗണിന് മുമ്പേ അടച്ചുപൂട്ടിയതാണ് ബ്യൂട്ടി പാർലറുകൾ. തൊഴിലാളികളും കുടുംബാംഗങ്ങളുമടക്കമുള്ളവർ ഈ തൊഴിൽമേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ്.
അർധപട്ടിണിയിലും മുഴുപട്ടിണിയിലുമാണ് പലരും. ഈ മേഖലയോട് സർക്കാർ അടിയന്തര ശ്രദ്ധ കാണിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മഞ്ജു സുഭാഷ് ആവശ്യപ്പെട്ടു. ഉപഭോക്താക്കളോട് കൂടുതൽ അടുത്തിടപഴകുന്ന വിഭാഗം എന്ന നിലയിൽ കോവിഡ് വാക്സിൻ ലഭിക്കുന്നതിന് മുൻഗണന പട്ടികയിൽ ബ്യൂട്ടീഷ്യൻമാരെ ചേർക്കുക, അടച്ചിട്ട കാലയളവിലെ കടമുറികളുടെ വാടക (തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ളതുമായ കടമുറികൾ) ഒഴിവാക്കുക, കടകൾ ആഴ്ചയിൽ മൂന്ന് ദിവസം തുറക്കുവാൻ അനുവദിക്കുക, ബ്യുട്ടിഷ്യൻ മാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് (സാമ്പത്തിക സഹായം) അനുവദിക്കുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ട് അസോസിയേഷൻ സർക്കാറിന് നിവേദനം നൽകി.