ധീര ജവാന് സ്മരണാഞ്ജലി
text_fieldsപൊന്നുക്കരയിലെ വീട്ടിലെ പ്രദീപിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തുന്നു
പുത്തൂർ: ഊട്ടിക്കടുത്ത് കൂനൂരിൽ ഉണ്ടായ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച ജൂനിയർ വാറന്റ് ഓഫിസർ എ. പ്രദീപിന്റെ ഒന്നാം ചരമ വാർഷികത്തിൽ ജന്മനാടിന്റെ ആദരം. പുത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊന്നുക്കരയിലെ വീട്ടിലെ പ്രദീപിന്റെ സ്മൃതികുടീരത്തിൽ നൂറുകണക്കിന് പേർ ആദരമർപ്പിച്ചു.
2021 ഡിസംബർ എട്ടിന് കൂനൂരിൽ ഉണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് പൊന്നൂക്കര അറക്കൽ വീട്ടിൽ പ്രദീപിന് ദാരുണാന്ത്യം സംഭവിച്ചത്. സംയുക്ത കരസേന മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ അന്ന് ദുരന്തത്തിന് ഇരയായി. പ്രദീപിന്റെ സ്മൃതി കുടീരത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, ജില്ല കലക്ടർ ഹരിത വി. കുമാർ, പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, വ്യോമസേന ഉദ്യോഗസ്ഥർ, മറ്റു ജനപ്രതിനിധികൾ, ബന്ധുക്കൾ, നാട്ടുകാർ എന്നിവർ പുഷ്പാർച്ചന നടത്തി.
തുടർന്ന് സമീപത്തെ മൈമ്പിള്ളി ക്ഷേത്രം ഹാളിൽ അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. മൈമ്പിള്ളി ക്ഷേത്രത്തിലെ ഊട്ടുപുരക്ക് ജവാൻ പ്രദീപ് സ്മാരക ഊട്ടുപുര എന്ന് പേരും നൽകി. കുടുംബത്തിന്റെ അമരക്കാരനായിരുന്ന പ്രദീപ് അവസാനമായി വീട്ടിൽ വന്നത് ശ്വാസകോശ രോഗിയായ പിതാവ് രാധാകൃഷ്ണന് വീട്ടിൽ വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്താനാണ്.
മാതാവ് പദ്മിനിയും അനുജൻ പ്രസാദും വീട്ടിലുണ്ട്. പ്രദീപിന്റെ മരണത്തെ തുടർന്ന് ഭാര്യ ശ്രീലക്ഷ്മിക്ക് സംസ്ഥാന സർക്കാർ റവന്യൂ വകുപ്പ് തൃശൂർ താലൂക്ക് ഓഫിസിൽ എൽ.ഡി ക്ലർക്കായി ജോലി നൽകി. ധഷ്വിൻ ദേവും ദേവപ്രിയയുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

