പരിക്കേറ്റ കാട്ടാനയുടെ ചികിത്സ വൈകുമെന്ന് ആശങ്ക
text_fieldsമസ്തകത്തിൽ പരിക്കേറ്റ കാട്ടാന വ്യാഴാഴ്ച പ്ലാന്റേഷനിലെ
പുഴയോരത്ത്
അതിരപ്പിള്ളി: കാലടി പ്ലാന്റേഷനിലെ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയുടെ ചികിത്സ വൈകുമെന്ന് ആശങ്ക. കാട്ടാനക്ക് എങ്ങനെ ചികിത്സ നൽകണമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ലാതെ നിൽക്കുകയാണ് വനം വകുപ്പ്. അതേസമയം, കാട്ടാനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വനം വകുപ്പ് സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. കുങ്കിയാനകളെ നിയോഗിച്ച് കാട്ടാനയെ വാഹനത്തിൽ കയറ്റി കോടനാട് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നൽകാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് എന്നുണ്ടാവുമെന്ന് പറയാനാവില്ല.
നേരത്തെ അരിക്കൊമ്പനെ കൊണ്ടുപോയതുപോലെയുള്ള ഒരു പ്രക്രിയയാണ്. പക്ഷേ ലക്ഷങ്ങൾ ചെലവ് വരുന്ന പ്രക്രിയയാണ്. ആനക്ക് ചികിത്സ നൽകാൻ വേണ്ടി ഉപയോഗിക്കുന്ന കോടനാട്ടെ കൂട് കാലഹരണപ്പെട്ടതായി സംശയമുണ്ട്.
പുതിയതൊന്നു നിർമിക്കാൻ മൂന്നാറിൽ നിന്ന് യൂക്കാലി മരം കൊണ്ടുവരണമെന്ന് നിർദേശിക്കപ്പെട്ടിരുന്നു. ഇതെല്ലാം എളുപ്പം നടക്കുന്ന കാര്യമല്ല എന്നാണ് നിഗമനം.
എന്തായാലും മസ്തകത്തിൽ പരിക്കേറ്റ കാട്ടാന പ്ലാന്റേഷനിലും വെറ്റിലപ്പാറയിലും മറ്റുമായി അലഞ്ഞു നടക്കുന്നുണ്ട്. ആനയെ വനം വകുപ്പ് നിയോഗിച്ച ഡോക്ടർമാരും സ്റ്റാഫും മൂന്നാം ദിവസവും നിരീക്ഷിച്ചുവരികയാണ്. ആന ഭക്ഷണം കഴിക്കുകയും പുഴയിലിറങ്ങി വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. പതിവുപോലെ അതിന്റെ ദൈനംദിന പ്രവൃത്തികളിൽ ഏർപ്പെട്ട് വരുന്നുണ്ടെങ്കിലും ക്ഷീണമുള്ളതായിയിട്ടാണ് സൂചന. എന്നാൽ, ചികിത്സ നൽകണമെങ്കിൽ മയക്കുവെടി വെച്ചാൽ മാത്രമേ സാധിക്കൂ. ഒരു പ്രാവശ്യം മയക്കുവെടിവെച്ചു ചികിത്സ നൽകിയ ആനയെ വീണ്ടും മയക്കുവെടി വെച്ചു പിടിക്കുന്നത് അതീവ വെല്ലുവിളി നിറഞ്ഞതാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇതുകൊണ്ടാണ് വനം വകുപ്പ് ആശയക്കുഴപ്പത്തിൽ എത്തി നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

