കിണറ്റിൽ വീണ പശുവും രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി; അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി
text_fieldsകിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാനിറങ്ങി കുടുങ്ങിയയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു
കുന്നംകുളം: കിണറ്റിൽ വീണ പശു കിടാവിനെയും രക്ഷിക്കാനിറങ്ങിയ മധ്യവയസ്കനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.ആനായ്ക്കൽ സ്വദേശി സോമനെയും (58) ഇയാളുടെ ഒരു വയസ്സുള്ള പശുകിടാവിനെയുമാണ് കുന്നംകുളം ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. 50 അടി താഴ്ചയുള്ള കിണറ്റിൽ 20 അടിയോളം വെള്ളത്തിലേക്കാണ് പശു കിടാവ് വീണത്. ഇതിനെ രക്ഷിക്കാനിറങ്ങി അതിൽ കുടുങ്ങുകയായിരുന്നു.
സീനിയർ ഫയർ ഓഫിസർ ടി.കെ. എൽദോയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷിനോജ്, ഹരികുട്ടൻ എന്നിവർ ലാഡർ നെറ്റ് എന്നിവയുടെ സഹായത്തോടെയാണ് കിണറ്റിൽ ഇറങ്ങി അവശനായ സോമനെ കരക്ക് കയറ്റിയത്. തുടർന്ന് ബെൽറ്റ് ഹോസ് ഉപയോഗിച്ച് അവശനിലയിലായിരുന്ന പശുകിടാവിനെയും കരക്കെത്തിച്ചു. ഫയർ ഓഫിസർമാരായ എ.ആർ. രഞ്ജിത്, പി. നിതിൻ, ഷിജുക്കുട്ടൻ, നിഖിൽ എന്നിവരും ഉണ്ടായിരുന്നു.
പുഴയിൽ ഒഴുക്കിൽപ്പെട്ട 12 വയസ്സുകാരനെ യുവാക്കൾ രക്ഷപ്പെടുത്തി
പാവറട്ടി: പുഴയിൽ കുളിക്കാനിറങ്ങി മുങ്ങിത്താഴ്ന്ന 12 വയസ്സുകാരനെ യുവാക്കൾ രക്ഷപ്പെടുത്തി. വെന്മേനാട് ജുമാ മസ്ജിദിന് സമീപം നാലകത്ത് നൗഷാദിെൻറ മകൻ മുഹമ്മദ് സുൽത്താനെയാണ് എടക്കഴിയൂർ കിഴക്കത്തറ ഹാരിസ് (30), കൂരിക്കാട് വൈശ്യം വീട്ടിൽ ഫായിസ് (25) എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്. കൂരിക്കാട് പുഴയിൽ കൂട്ടുകാരുമൊന്നിച്ച് കുളിക്കാനിറങ്ങിയാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 4.45ഓടെയാണ് സംഭവം. മുഹമ്മദ് സുൽത്താനും രണ്ട് സുഹൃത്തുക്കളും പുഴയിലിറങ്ങി കുളിക്കുന്നതിനിടെ കാൽ വഴുതിവീണ് ഒഴുക്കിൽ ആഴമുള്ള ഭാഗത്തേക്ക് പോയി. കുട്ടികൾ കരയുന്നതു കണ്ട് സമീപത്തെ വീടുകളിലെ സ്ത്രീകൾ നിലവിളിച്ചതോടെ ഭാര്യവീട്ടിൽ വിശ്രമിക്കുകയായിരുന്ന ഹാരിസും പരിസരത്തുണ്ടായിരുന്ന ഫായിസും ഓടിയെത്തി പുഴയിലിറങ്ങുകയായിരുന്നു.
നിരവധി തവണ മുങ്ങിത്താഴ്ന്നതിന് ശേഷം ഉയർന്ന് കമഴ്ന്ന നിലയിൽ തലയുടെ പിൻഭാഗം മാത്രം കാണുന്ന രീതിയിൽ ഒഴുകിപ്പോയിരുന്ന സുൽത്താനെ ഇരുവരും നീന്തിച്ചെന്ന് രക്ഷിച്ച് പ്രാഥമിക ചികിത്സ നൽകി. ലൈഫ് കെയർ പ്രവർത്തകൻകൂടിയാണ് ഹാരിസ്.ഉടൻതന്നെ പാവറട്ടിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടനില തരണം ചെയ്ത സുൽത്താനെ വിദഗ്ധ പരിശോധനക്കായി തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ഭാഗത്തുനിന്ന് വെള്ളമൊഴുകിയെത്തി ചുഴിയായി ശക്തമായ ഒഴുക്കാണിവിടെ. ഏതാനും വർഷം മുമ്പ് ഇതേ സ്ഥലത്ത് ഒരു യുവതി മുങ്ങിമരിച്ചിരുന്നു.

