മാനസിക പീഡനത്തിന് പരാതി നൽകിയ ട്രഷറി ജീവനക്കാരിക്ക് സ്ഥലംമാറ്റം
text_fieldsതൃശൂർ: മേലുദ്യോഗസ്ഥനെതിരെ മാനസിക പീഡനത്തിന് പരാതി നൽകിയ അംഗപരിമിതയായ ട്രഷറി ജീവനക്കാരിക്ക് സ്ഥലംമാറ്റം. ഭരണാനുകൂല സംഘടനയായ എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി അംഗമായ ഇരിങ്ങാലക്കുട സബ് ട്രഷറി ജീവനക്കാരിക്കാരിക്കാണ് ഈ ദുര്യോഗം. 2021 ജൂലൈ 13ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട ഇരിങ്ങാലക്കുട അസിസ്റ്റൻറ് ജില്ല ട്രഷറി ഓഫിസർക്കെതിരെ ഇവർ പരാതി നൽകിയിരുന്നു. സർക്കാർതല അന്വേഷണത്തിന് ശേഷം സർവിസിൽ തിരികെ പ്രവേശിച്ച ഉദ്യോഗസ്ഥന് സ്വദേശത്തേക്ക് സ്ഥലംമാറ്റവും ലഭിച്ചു. കാബിനിൽ വിളിച്ചുവരുത്തി അനാവശ്യകാര്യങ്ങൾ സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുന്നെന്നും കാണിച്ച് ഇരിങ്ങാലക്കുട സബ് ട്രഷറിയിലെ 23 ജീവനക്കാരിൽ 18 പേർ ഒപ്പിട്ട പരാതി 2020 ഡിസംബർ 15നാണ് ജില്ല ട്രഷറി ഓഫിസർക്ക് കൈമാറിയത്. ജൂലൈ 13ന് പരാതിക്ക് വിധേയനായ ഓഫിസറെ സർക്കാർതല അന്വേഷണത്തിന് വിധേയമായി സസ്പെൻഡ് ചെയ്തു. തുടർന്ന് അതിവേഗത്തിലുള്ള അസാധാരണ സർക്കാർ നടപടിക്രമങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്.
സസ്പെൻഡ് ചെയ്യപ്പെട്ട് പത്തുനാൾ തികയും മുമ്പേ 22ന് സർക്കാർതല അന്വേഷണത്തിന് ധനവകുപ്പ് അഡീഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നാലംഗ സമിതി രൂപവത്കരിച്ചതായി അറിയിപ്പ് ലഭിച്ചു. ധനവകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തിരുവനന്തപുരത്തുനിന്ന് ഇരിങ്ങാലക്കുടയിലെത്തി അന്വേഷണം നടത്തി സസ്പെൻഷൻ റദ്ദാക്കി. അന്വേഷണ റിപ്പോർട്ടിനൊപ്പം പരാതിക്കാരിയായ സീനിയർ അക്കൗണ്ടൻറിനെ സ്ഥലംമാറ്റാൻ നിർദേശിച്ച് കത്ത് അന്വേഷണ ഉദ്യോഗസ്ഥനായ അഡീഷനൽ സെക്രട്ടറി, ട്രഷറി ഡയറക്ടർക്ക് നൽകുകയും ചെയ്തു. ആരോപണ വിധേയനെ രക്ഷിക്കാനുള്ള തെളിവെടുപ്പായിരുന്നു അതെന്നും വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുകയും പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ അന്വേഷണ സമിതി ശ്രമിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. പരാതിക്ക് വിധേയനായ ഉദ്യോഗസ്ഥന് സമാന പരാതിയിൽ 2016ൽ സസ്പെൻഷൻ ലഭിച്ചിരുന്നു.
നിവേദനം നൽകി
തൃശൂർ: മേലുദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ശിക്ഷണ നടപടിക്ക് വിധേയമായി സ്ഥലംമാറ്റിയ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി. കുറ്റവാളികളെ ശിക്ഷിക്കണമെന്നും അന്വേഷണ സമയത്ത് സ്ത്രീത്വത്തെ അപമാനിക്കും വിധം ചോദ്യങ്ങൾ ചോദിച്ചവരെ തിരുത്താൻ നടപടി വേണമെന്നും അവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

