ട്രെയിനുകൾക്ക് സ്റ്റോപ്പ്: ജില്ലയോട് അവഗണന തന്നെ
text_fieldsതൃശൂർ: തെക്കൻ ജില്ലകളിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് നിരവധി സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിക്കുമ്പോൾ ജില്ലയെ റെയിൽവേ അവഗണിക്കുന്നതായി പരാതി. പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസിന് ജില്ലയിൽ തൃശൂർ സ്റ്റേഷനിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. ഓഫിസ് ജീവനക്കാർക്ക് ഏറ്റവും അനുയോജ്യമായ ട്രെയിനിന് ജില്ലയിൽ വടക്കാഞ്ചേരി, പൂങ്കുന്നം, പുതുക്കാട്, ഇരിഞ്ഞാലക്കുട, ചാലക്കുടി എന്നീ സ്റ്റോപ്പുകൾ അനുവദിക്കണമെന്നാണ് ജില്ലയിലെ യാത്രക്കാരുടെ ആവശ്യം. ഈ ട്രെയിനിന് എറണാകുളം ജില്ലയിൽ ആറും കോട്ടയം ജില്ലയിൽ അഞ്ചും ആലപ്പുഴ ജില്ലയിൽ മൂന്നും കൊല്ലം ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ട്. കോവിഡിന് മുമ്പ് സ്റ്റോപ്പ് ഉണ്ടായിരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് നിർത്തലാക്കിയിട്ട് തൃശൂർ ജില്ലയിൽ മാത്രം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. ഇതിൽ കൂടുതൽ സ്റ്റോപ്പുകൾ നഷ്ടമായത് ഇരിങ്ങാലക്കുട, വടക്കാഞ്ചേരി സ്റ്റേഷനുകൾ ആണ്. ജില്ലയിലെ മലയോര മേഖല അടങ്ങുന്ന പുതുക്കാട് സ്റ്റേഷനിൽ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, വേണാട് എക്സ്പ്രസുകൾക്കും യാത്രക്കാർ സ്റ്റോപ്പ് ആവശ്യപ്പെടു ന്നുണ്ട്.
പൂങ്കുന്നം സ്റ്റേഷനിൽ നിർത്തലാക്കിയ ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി സ്റ്റോപ്പ് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. ഒല്ലൂർ, നെല്ലായി, കൊരട്ടി അങ്ങാടി, ഡിവൈൻ നഗർ സ്റ്റേഷനുകളിലായി ഇരുന്നൂറ് കിലോമീറ്ററിൽ കൂടുതൽ ദൂരം ഓടുന്ന പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകൾ ആയപ്പോൾ സ്റ്റോപ്പുകൾ നഷ്ടമായി. സംസ്ഥാന സർക്കാർ സ്ഥലമെടുപ്പ് പൂർത്തിയാക്കിയ പുതുക്കാട് റെയിൽവേ മേൽപ്പാലത്തിന് ഇനിയും റെയിൽവേ പച്ചക്കൊടി കാണിച്ചിട്ടില്ല. കോവിഡ് സമയത്ത് നിർത്തലാക്കിയ തൃശൂർ -ഗുരുവായൂർ പാസഞ്ചർ പൂർണമായും നിർത്തലാക്കിയ സ്ഥിതിയാണ്. ഇരിങ്ങാലക്കുട, പുതുക്കാട്, പൂങ്കുന്നം സ്റ്റേഷനുകൾക്ക് കാര്യമായ ഒരു പരിഗണനയും റെയിൽവേയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ സ്റ്റേഷനുകളെ അമൃത് ഭാരത് സ്റ്റേഷനുകളിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗികമായി അറിയിപ്പ് ഉണ്ടായിട്ടില്ല. പുതുക്കാട് സ്റ്റേഷനിൽ നടപ്പാതയും പൂങ്കുന്നം സ്റ്റേഷനിൽ കൂടുതൽ മേൽക്കൂരകളും ഇനിയും പ്രാവർത്തികമായില്ല. തൃശൂരിലും ചാലക്കുടിയും ഗുരുവായൂരിലും വടക്കാഞ്ചേരിയിലും നിർമാണ പ്രവർത്തനങ്ങൾ ഒഴിച്ചാൽ ജില്ലയിൽ റെയിൽവേ വികസനം തെക്കൻ ജില്ലകളെ അപേക്ഷിച്ച് വളരെ മന്ദഗതിയിലാണെന്ന് യാത്രക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

