സഞ്ചാരികൾ ഒഴുകുന്നു; തളിക്കുളം സ്നേഹതീരം ബീച്ചിലേക്ക് ഗതാഗതക്കുരുക്കേറി
text_fieldsതളിക്കുളം സ്നേഹതീരം ബീച്ചിലെ തിരക്ക്
തളിക്കുളം: ഡിസംബർ വെക്കേഷനായതോടെ തളിക്കുളം സ്നേഹതീരം ബീച്ചിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയതോടെ ഗതാഗതക്കുരുക്കേറി. സ്നേഹതീരം ബീച്ച് പാർക്ക് തുറന്നതോടെ 10000ൽപരം ആളുകളാണ് ഓരോ ദിവസവും എത്തുന്നത്. എന്നാൽ ഈ വിനോദ സഞ്ചാരികളെ തീരത്ത് നിയന്ത്രിക്കാൻ ആകെയുള്ളത് ടൂറിസം വകുപ്പിന്റെ നാല് ലൈഫ് ഗാർഡുകൾ മാത്രം. അഴീക്കോട് കോസ്റ്റൽ സ്റ്റേഷൻ പരിധി, വാടാനപ്പള്ളി, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥർ മുമ്പ് ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.
എന്നാൽ ഇക്കാലയളവിൽ ഒറ്റ പൊലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിയിൽ ചേർക്കുന്നില്ല. കഴിഞ്ഞ ദിവസം തളിക്കുളം സെന്ററിൽ മണിക്കൂറോളമാണ് ഗതാഗത കുരുക്ക്. സഞ്ചാരികളുടെ ഒഴുക്ക് ഏറെ അപകട സാധ്യതയുണ്ടാക്കുന്ന സ്നേഹതീരത്ത് കഴിഞ്ഞയാഴ്ചയിൽ കടലിൽ മുങ്ങിപ്പോയ രണ്ട് തമിഴ്നാട് സ്വദേശികളെ തലനാരിഴക്ക് രക്ഷപ്പെടുത്തിയത് ടൂറിസം ലൈഫ് ഗാർഡുമാരാണ്. കഴിമ്പ്രത്തെയും മുനക്കക്കടവിലെയും ബീച്ച് ഫെസ്റ്റ് ഡ്യൂട്ടിയിലാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ വലപ്പാട്-വാടാനപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തിരക്കേറിയ സ്ഥലത്ത് ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയിടാൻ നിൽക്കുന്നതായും അതുമൂലം ട്രാഫിക് കുരുക്കുകൾ കൂടുന്നതായും പല തവണ തീരദേശ പൊലീസുമായി ബന്ധപ്പെട്ടിട്ടും പൊലീസ് ഉദ്യോഗസ്ഥരെ സേവനത്തിന് ലഭിക്കുന്നില്ലെന്നും അഴീക്കോട് സർക്കിൾ ഇൻസ്പെക്ടർ സ്ഥലത്തില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. വാടാനപ്പള്ളി-വലപ്പാട് സ്റ്റേഷനുകളിൽ ബന്ധപ്പെടുമ്പോൾ തീരദേശ പൊലീസിനാണ് ചുമതലയെന്ന് പറഞ്ഞ് കൈയൊഴിയുകയാണെന്നും സ്നേഹതീരം ഡസ്റ്റിനേഷൻ സൂപ്പർവൈസർ അസ്ഹർ മജീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

