കുരുക്കഴിക്കാൻ കഴിയാതെ പെരുമ്പിലാവ് ജങ്ഷൻ;നാലാം ദിനവും പൊറുതിമുട്ടി വാഹന യാത്രക്കാർ
text_fieldsപെരുമ്പിലാവ് ജങ്ഷനിലെ ഗതാഗതക്കുരുക്ക്
പെരുമ്പിലാവ്: ജലവകുപ്പിന്റെ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പെരുമ്പിലാവ് ജങ്ഷനിൽ വീണ്ടും ഗതാഗതക്കുരുക്ക്. ജങ്ഷനിൽ നിന്ന് പട്ടാമ്പി റോഡിലേക്ക് പൈപ്പ് ലൈൻ ബന്ധിപ്പിക്കാനായി റോഡിന് നടുവിൽ കുഴിയെടുത്തതോടെ നാലാം ദിനവും ഗതാഗത കുരുക്കഴിക്കാനാകാതെ യാത്രക്കാരും ഓട്ടോ തൊഴിലാളികളും വലഞ്ഞു. പെരുമ്പിലാവ് മുതൽ അക്കിക്കാവ് വരെയുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ഉൾവഴികൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടുകയാണ്. അടിയന്തര ഘട്ടങ്ങളിൽ രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും പലപ്പോഴും ഇതിൽപ്പെട്ട് ദുരിതമനുഭവിക്കുകയാണ്.
പൊലീസിനു പുറമെ നാട്ടുകാരും ഓട്ടോ തൊഴിലാളികളും ഗതാഗതം നിയന്ത്രിക്കാൻ ദിനേനെ 24 മണിക്കൂറും ഉണ്ടെങ്കിലും ഗതാഗതം സുഗമമാക്കാൻ കഴിയാത്ത അവസ്ഥയാണ്.കഴിഞ്ഞ ദിവസം അക്കിക്കാവിൽ ഗതാഗതക്കുരുക്കിൽപെട്ട സ്കൂട്ടർ യാത്രികനായ വയോധികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അക്കിക്കാവ് തിപ്പലശ്ശേരി ഭാഗത്തു നിന്ന് സ്കൂട്ടറുമായി അക്കിക്കാവ് ജങ്ഷനിലേക്ക് വരികയായിരുന്ന വയോധികൻ എതിർ ദിശയിൽ നിന്ന് വന്നിരുന്ന ടാങ്കർ ലോറിക്കടിയിൽ പെടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ജങ്ഷനിൽ രണ്ട് കാറുകൾ കൂട്ടിയിടിക്കുകയും ചെയ്തു. ആർക്കും പരിക്കില്ല.
കാൽ നടയാത്രക്കാരായ വിദ്യാർഥികൾക്കും നാട്ടുകാർക്കും റോഡ് മുറിച്ചുകടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇതിനിടെ വകുപ്പ് മന്ത്രിമാർ ഉൾപ്പടെയുള്ളവർ ട്രാഫിക് ലൈനുകൾ തെറ്റിച്ച് മേഖലയിലൂടെ കടന്നുപോകുന്നതായും ഇത് കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.
കുരുക്ക് മൂലം ബസുകളും വഴി മാറി പോകുന്നതിനാൽ ബസ്സ് കാത്തുനിൽക്കുന്നവരുടെ നീണ്ട നിരയും നിത്യകാഴ്ചയാണ്. രണ്ട് ദിവസം മുമ്പ് പൈപ്പ് സ്ഥാപിച്ച് മൂടിയ അക്കിക്കാവ് സെന്ററിൽ പഴഞ്ഞി റോഡിന് സമീപത്തായാണ് വീണ്ടും പൈപ്പ് പൊട്ടിയത്. ഇതോടെ വീണ്ടും അതേ സ്ഥലത്ത് കുഴിയെടുത്തതോടെ പഴഞ്ഞി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും കടന്ന് പോകാൻ കഴിയാതെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

