പുഴക്കലിൽ ഗതാഗതക്കുരുക്കിന് അറുതി; ഒരാഴ്ചക്കകം ഇരു ഭാഗത്തേക്കുമുള്ള റോഡ് തുറക്കും
text_fieldsകലക്ടര്‍ അര്ജുന് പാണ്ഡ്യന് തൃശൂര്‍ - കുറ്റിപ്പുറം റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നു
തൃശൂർ: ജില്ലയില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് (കെ.എസ്.ടി.പി) ഏറ്റെടുത്ത് നടത്തുന്ന തൃശൂര്‍-കുറ്റിപ്പുറം റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി കലക്ടര്‍ അര്ജുന് പാണ്ഡ്യനും കെ.എസ്.ടി.പി അധികൃതരും സന്ദര്‍ശനം നടത്തി. ഏറ്റവും കൂടുതല്‍ ഗതാഗത പ്രശ്നം നേരിടുന്ന മുതുവറ മുതല്‍ പൂങ്കുന്നം വരെയുള്ള ഭാഗത്താണ് സന്ദര്‍ശനം നടത്തിയത്. മൂന്ന് കി.മീ ദൂരം കലക്ടറും സംഘവും നടന്നെത്തിയാണ് ഓരോ സ്ഥലത്തെയും നിർമാണ പുരോഗതി വിലയിരുത്തിയത്.
പൂങ്കുന്നം നെസ്റ്റോക്ക് സമീപമുള്ള മൈനര്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി ക്യൂറിങ് ഘട്ടത്തിലാണ്. ദേശാഭിമാനിക്ക് സമീപമുള്ള കൾവര്‍ട്ടിന്റെ പണി പൂര്‍ത്തിയായതിനാല്‍ ഒരാഴ്ചക്കകം പൂങ്കുന്നം-പുഴക്കല്‍ റോഡ് ഇരുഭാഗവും ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് കെ.എ.സ്.ടി.പി അധികൃതര്‍ അറിയിച്ചു. ഡി.ബി.എം ഉപയോഗിച്ചുള്ള സര്‍ഫേസിങ് ജോലികള്‍ ഉള്‍പ്പെടെയുള്ള റോഡ് നിര്‍മാണം പുരോഗമിക്കുന്നു. പുഴക്കല്‍ മുതല്‍ മുതുവറ വരെ വലതുവശത്തെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കും.
ഇരുവശങ്ങളും ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും കെ.എ.സ്.ടി.പി അധികൃതര്‍ കലക്ടറെ അറിയിച്ചു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണമാണ് പുഴക്കല്‍ ശോഭാ സിറ്റിക്ക് സമീപമുള്ള പാലത്തിന്റെ നിർമാണം പുനരാരംഭിക്കാന്‍ കഴിയാത്തത്. ഓരോ അബട്ട്മെന്റിനും ചുറ്റും റിങ് ബണ്ട് നിര്‍മിച്ചു മാത്രമേ പാലത്തിന്റെ പ്രവൃത്തി നടത്താന്‍ കഴിയൂ. മഴ കുറഞ്ഞാല്‍ ഓഗസ്റ്റ് അവസാനത്തോടെ നിർമാണം പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കാന്‍ കഴിയുമെന്ന് കെ.എ.സ്.ടി.പി അധികൃതര്‍ അറിയിച്ചു.
പുഴക്കല്‍ ടൊയോട്ട ജങ്ഷന് മുതല്‍ നെസ്റ്റോ വരെയുള്ള ഭാഗത്തെ വലതുവശത്ത് ഷോള്‍ഡര്‍ പ്രൊട്ടക്ഷന്‍ ജോലികളും ഫൂട്പാത്ത് നിര്‍മാണ ജോലികളും ഇടതുവശത്ത് ഡ്രെയിനേജ്, മീഡിയന് നിര്‍മാണവും ഉടന്‍ ആരംഭിക്കുമെന്നും കെ.എ.സ്.ടി.പി അധികൃതര്‍ അറിയിച്ചു.
മുതുവറ മുതല്‍ പുഴക്കല്‍ വരെയുള്ള റോഡിലെ ഗതാഗതതടസ്സമുണ്ടാക്കുന്ന കുഴികള്‍ അടിയന്തരമായി അടക്കുന്നതിനും തുടര്‍ച്ചയായി അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കെ.എ.സ്.ടി.പി അധികൃതര്‍ക്ക് കലക്ടര്‍ നിർദേശം നല്കി. തൃശൂര്‍ - കുറ്റിപ്പുറം റോഡിന്റെ മറ്റ് ഭാഗങ്ങളിലെ പ്രവൃത്തികളും പകലും രാത്രിയുമായി നടക്കുന്നതായി കെ.എ.സ്.ടി.പി അധികൃതര്‍ അറിയിച്ചു. നിര്‍മ്മാണം വേഗത്തിലാക്കുന്നതിനായി ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് കലക്ടര്‍ കെ.എ.സ്.ടി.പി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. കെ.എ.സ്.ടി.പി എ.ഇ മനോജ് കെ.എം, കണ്‍സ്ട്രക്ഷന്‍ പ്രോജക്ട് മാനേജര്‍ ശ്രീരാജ് എന്നിവരും കലക്ടറോടൊപ്പം സന്ദര്‍ശനത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

