ഗതാഗതക്കുരുക്കൊഴിയാതെ ആമ്പല്ലൂർ; പരിഹാരം കാണാതെ ദേശീയപാത അതോറിറ്റി
text_fieldsദേശീയപാത ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക്
ആമ്പല്ലൂർ: അടിപ്പാത നിർമാണം നടക്കുന്ന ആമ്പല്ലൂർ ജങ്ഷൻ മറികടക്കാൻ വാഹനങ്ങൾക്ക് മണിക്കൂറുകൾ കാത്തുകിടക്കേണ്ട സ്ഥിതിയായി. അടിപ്പാതയുടെ ഇരുവശത്തുമായി സർവിസ് റോഡിനോട് ചേർന്ന് പ്രധാന പാതയുടെ നിർമാണത്തിന് അസ്തിവാരം കോരിയതു മുതൽ തുടങ്ങിയതാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്ക്. മൂന്നുവരി പാതയിലൂടെ വരുന്ന വാഹനങ്ങൾ സർവിസ് റോഡിലെ ഒറ്റവരിപ്പാതയിലേക്ക് പ്രവേശിക്കുന്നിടത്ത് ആരംഭിക്കുന്ന ഗതാഗതക്കുരുക്കാണ് പ്രശ്നം.
രണ്ടു ദിശയിലേക്കും വാഹനക്കുരുക്കിന് ഏറ്റക്കുറച്ചിലില്ല. സർവിസ് റോഡിന്റെ ഓരത്ത് കുത്തിപ്പൊളിച്ച് ഡ്രമ്മുകൾ നിരത്തി വാഹനങ്ങൾക്ക് സംരക്ഷണം ഒരുക്കിയതോടെ ഒറ്റവരിയായി മാത്രമാണ് വാഹനങ്ങൾക്ക് സഞ്ചരിക്കാനാവുന്നത്. ഭാരവാഹനങ്ങൾ ഡ്രൈനേജിന് മുകളിലെ സ്ലാബുകളിൽ കയറാതെയാണ് സഞ്ചരിക്കുന്നത്. ഇതിനാൽ വേഗത കുറച്ച് സഞ്ചരിക്കുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ നിര പുതുക്കാട് വരെയും ചാലക്കുടി ഭാഗത്തേക്കുള്ള വാഹനങ്ങളുടെ നിര മണലി പാലം വരെയും നീളുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തിൽ
ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ദേശീയപാത അതോറിറ്റി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ദേശീയപാതയിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ ആമ്പല്ലൂർ കടക്കാൻ അരമണിക്കൂറിലേറെയാണ് സമയമെടുക്കുന്നത്. ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവിസുകളും ഗതാഗതക്കുരുക്കിൽനിന്ന് രക്ഷനേടാൻ കഴിയാത്ത അവസ്ഥയാണ്.
സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും പലപ്പോഴും വഴിമാറിയാണ് സർവിസ് നടത്തുന്നത്. അടിപ്പാത നിർമാണം ആരംഭിച്ച് ഒരുവർഷം പിന്നിട്ടിട്ടും നിർമാണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടാവാത്തതിനെതിരെ വ്യാപാരികളും പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

