ശക്തൻ പച്ചക്കറി മാർക്കറ്റിൽ വ്യാപാരം തുടങ്ങി; ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും നിയന്ത്രണം
text_fieldsതൃശൂർ: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ അടച്ചിട്ടിരുന്ന ശക്തൻ പച്ചക്കറി മാർക്കറ്റ് തുറന്നു. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും നിയന്ത്രണത്തോടെ മാത്രമേ മാർക്കറ്റിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ. കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 28നാണ് ശക്തൻ പച്ചക്കറി മാർക്കറ്റ് അടച്ചിട്ടത്.
പരിശോധനയിൽ കോവിഡ് ബാധയില്ലാത്ത വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ 950 പേരുടെ പട്ടിക തയാറാക്കിയിരുന്നു. ഇവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകിയാണ് മാർക്കറ്റിെൻറ പ്രവർത്തനം. കടകൾക്കു നമ്പർ ഇട്ടതിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റ അക്ക നമ്പർ ഉള്ള കടകളും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇരട്ട അക്കമുള്ള കടകളുമാണ് പ്രവർത്തിക്കുന്നത്. മാർക്കറ്റിലേക്ക് ഒരു പ്രവേശന വഴി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ഇവിടെ പൊലീസിെൻറ കാവലും ആരോഗ്യവകുപ്പ് വളണ്ടിയർ ശരീരോഷ്മാവ് പരിശോധിക്കാനുണ്ട്. ഇടവേളക്ക് ശേഷമാണ് മാർക്കറ്റ് പ്രവർത്തിക്കുന്നതെങ്കിലും തിരക്കുകളൊന്നും അനുഭവപ്പെട്ടില്ല. ഒരേ സമയം നൂറ് പേർക്ക് മാത്രമാണ് മാർക്കറ്റിൽ പ്രവേശിക്കാനാവൂ. നിയന്ത്രണങ്ങൾ പാലിച്ച് വ്യാപാരികളും ഉപഭോക്താക്കളും സഹകരിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
250 ചുമട്ട് തൊഴിലാളികൾക്ക് രണ്ടു ടേൺ ആയിട്ടാണ് ഇവിടെ തൊഴിലെടുക്കുക. അസി. കമീഷണറുടെ നേതൃത്വത്തിൽ സി.ഐ.യും രണ്ട് എസ്.ഐമാരും 20 സിവിൽ പൊലീസ് ഓഫിസർമാരെയുമാണ് ശക്തൻ മാർക്കറ്റിലെ സുരക്ഷാ ചുമതലയിലുള്ളത്. പത്ത് വളണ്ടിയർമാർ ആരോഗ്യ പരിശോധനയടക്കമുള്ളവക്കുമുണ്ട്. പച്ചക്കറി കയറ്റാൻ വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും.
ഡ്രൈവർമാർക്ക് കുളിക്കാനുള്ള സൗകര്യവുമെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പലയിടങ്ങളിലായി കൂട്ടിയിട്ടിരുന്ന കായക്കുലകൾ പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. ഇവിടെ മാത്രമാണ് ഇറക്കാവൂ. ആദ്യ ദിവസത്തിൽ മറ്റ് പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ മാർക്കറ്റ് പൂർണ തോതിൽ പ്രവർത്തിപ്പിക്കുന്നത് ആലോചിച്ചു തുടങ്ങിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

