മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്
text_fieldsഅതിരപ്പിള്ളി: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. കോയമ്പത്തൂർ സ്വദേശിനി സെൽവിക്കാണ് (40) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
ആനമല അന്തർ സംസ്ഥാന പാതയിൽ ആനക്കയത്ത് വെച്ചാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിനോദസഞ്ചാരികളെ കാട്ടാന ആക്രമിച്ചത്. ഭർത്താവ് സുരേഷിനൊപ്പം യാത്ര ചെയ്യുകയായിരുന്നു സെൽവി. ഷോളയാറിൽ വ്യൂ പോയൻറിന് സമീപത്തെ വളവിൽ അപ്രതീക്ഷിതമായി കാട്ടാന എത്തുകയായിരുന്നു. ബൈക്ക് നിർത്തി താഴെയിട്ട് ഇരുവരും ഓടുന്നതിനിടയിൽ തടഞ്ഞ് വീണ സെൽവിയെ ആന തുമ്പിക്കൈ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. സുരേഷിന് പരിക്കില്ല. സെൽവിക്ക് വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

