നോ പറയാം, മാലിന്യത്തോട്; സമ്പൂർണ ശുചിത്വ ജില്ല: ലക്ഷ്യത്തിനായി ‘ശുചിപൂർണ’
text_fieldsതൃശൂർ: സമ്പൂർണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കാൻ നടപ്പാക്കുന്ന സംയോജിത ജില്ല പദ്ധതിയായ ‘ശുചിപൂർണ’യുമായി ബന്ധപ്പെട്ട അവലോകന യോഗം ചേർന്നു. മഴക്കാലപൂർവ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു യോഗം. ശുചിപൂർണ പദ്ധതി വിജയകരമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും പ്രസക്തിയും സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. മഴക്കാലപൂർവ കാമ്പയിൻ, വലിച്ചെറിയൽ മുക്ത കാമ്പയിൻ, നവകേരളം വൃത്തിയുള്ള കേരളം എന്നീ പദ്ധതികളെ സംബന്ധിച്ചും യോഗത്തിൽ വിശദീകരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. സമൂഹം അഭിമുഖീകരിക്കുന്ന ഗൗരവ പ്രശ്നമായ മാലിന്യ സംസ്കരണം എല്ലാവരും ഒത്തുച്ചേർന്ന് പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശുചിപൂർണ പദ്ധതി തുടർ നടത്തിപ്പ് സംബന്ധിച്ച് ജില്ല ജനകീയാസൂത്രണ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ ആമുഖമായി വിശദീകരിച്ചു. മറയൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ മാലിന്യസംസ്കരണ പദ്ധതിയുടെ അവതരണം നിറവ് ഡയറക്ടർ ബാബു പറമ്പത്ത് അവതരിപ്പിച്ചു. മാലിന്യ സംസ്കരണത്തിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ശുചിത്വ മിഷൻ ജില്ല കോ ഓഡിനേറ്റർ ഏണസ്റ്റ് തോമസ് വിശദീകരിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമനടപടികളെ കുറിച്ച് കില സീനിയർ അർബൺ ഫെല്ലോ ഡോ. രാജേഷ്, മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ച് നവകേരളം കർമപദ്ധതി ജില്ല കോ ഓഡിനേറ്റർ സി. ദിദിക എന്നിവർ വിശദീകരിച്ചു. യോഗത്തിൽ ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.വി. വല്ലഭൻ, പി.എം. അഹമ്മദ്, ദീപ എസ്. നായർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. ശ്രീലത, ജില്ല ജനകീയാസൂത്രണ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

