നാളെ അഴീക്കോടൻ ദിനം; രാഷ്ട്രീയ മറുപടി നൽകാൻ എം.വി. ഗോവിന്ദൻ
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ മുതൽ പ്രാദേശിക നേതാക്കൾ വരെ ഉൾപ്പെട്ട് പാർട്ടിയാകെ പ്രതിക്കൂട്ടിലായിരിക്കെ രാഷ്ട്രീയ മറുപടി നൽകാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ നേരിട്ടെത്തുന്നു. ശനിയാഴ്ച തൃശൂരിൽ അഴീക്കോടൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് എം.വി. ഗോവിന്ദനാണ്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്നണി കണ്‍വീനറുമായിരുന്ന അഴീക്കോടന്‍ രാഘവന് കൊലചെയ്യപ്പെട്ടിട്ട് ശനിയാഴ്ചയിലേക്ക് 51 വര്‍ഷം പൂർത്തിയാകും. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴീക്കോടന്‍ രാഘവന് രക്തസാക്ഷി ദിനം തേക്കിൻകാട് മൈതാനിയിലാണ് പരിപാടി.
കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ കെ. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു തുടങ്ങിയവര്‍ സംസാരിക്കും. രാവിലെ എട്ടിന് അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ പതാക ഉയര്‍ത്തിയശേഷം ഓഫിസില്‍നിന്ന് പ്രകടനമായി, അഴീക്കോടന്‍ കുത്തേറ്റ് വീണ ചെട്ടിയങ്ങാടിയില്‍ പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. രാവിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാകകള്‍ ഉയര്‍ത്തും.
നഗരത്തില്‍ ഉച്ചതിരിഞ്ഞ് 2.30ന് റെഡ് വളന്റിയര്‍ മാര്‍ച്ചും വൈകീട്ട് നാലിന് ബഹുജനറാലിയും അഞ്ചുമണിക്ക് പൊതുസമ്മേളനവും നടക്കും. കരുവന്നൂരിനെ മുൻനിർത്തി സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരെ കോൺഗ്രസും ബി.ജെ.പിയും ഇതിനകം പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

