മണലിയിൽ ബാരിക്കേഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരിക്ക്
text_fieldsആമ്പല്ലൂർ: ദേശീയപാത മണലിയിൽ വാഹന പാർക്കിങ് തടയാൻ സ്ഥാപിച്ച ബാരിക്കേഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു. ആമ്പല്ലൂർ സ്വദേശി സുജക്കാണ് പരിക്ക്. തലക്ക് പരിക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. മണലിയിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് മുന്നിൽ അശാസ്ത്രീയമായി ടോൾ കമ്പനി സ്ഥാപിച്ച ബാരിക്കേഡാണ് അപകടത്തിനിടയാക്കിയത്. കയറിൽ കോർത്ത ഡ്രമ്മുകൾകൊണ്ട് തീർത്ത ബാരിക്കേഡാണ് സ്ഥാപിച്ചിരിക്കുന്നത്. തൃശൂർ ഭാഗത്ത് നിന്ന് ആമ്പല്ലൂരിലേക്ക് വന്നിരുന്ന സ്കൂട്ടർ കയറിൽ തട്ടി മറിയുകയായിരുന്നു.
ഒരാഴ്ചക്കിടെ നിരവധി ഇരുചക്ര വാഹനങ്ങളാണ് ബാരിക്കേഡിൽ തട്ടി അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി തട്ടുകടയിലേക്ക് വരുന്ന വാഹനങ്ങൾ ദേശീയപാതയിൽ പാർക്ക് ചെയ്യുന്നത് തടയുന്നതിനാണ് ബാരിക്കേഡ് സ്ഥാപിച്ചതെന്ന് പറയുന്നു. എന്നാൽ ദേശീയപാതയിൽ നിന്ന് സർവിസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം വരെ കയറുകെട്ടി ഡ്രമ്മുകൾ നിരത്തിയതോടെ അപകട സാധ്യതയേറുകയാണ്. അളഗപ്പനഗർ പഞ്ചായത്തിന്റെ ജനകീയ ഹോട്ടലും ഇവിടെയാണ്.
അതിനോട് ചേർന്നാണ് രാത്രി തട്ടുകടകൾ പ്രവർത്തിക്കുന്നത്. കയർ കെട്ടി തിരിച്ചതോടെ വാഹനപാർക്കിങ് സൗകര്യമില്ലാത്തതുമൂലം തട്ടുകടകളിൽ ആളുകൾ എത്തുന്നില്ലെന്നാണ് കടക്കാരുടെ പരാതി. ടോൾ കമ്പനി അധികൃതർ ചോദിച്ച പണം കൊടുക്കാത്തതിലുള്ള പ്രതികാരമാണ് മുന്നിൽ ബാരിക്കേഡ് തീർത്തതെന്നാണ് തട്ടുകടക്കാരുടെ ആരോപണം. ബാരിക്കേഡ് മാറ്റി സ്ഥാപിക്കണമെന്നും അപകടങ്ങൾക്കിടയാക്കുന്ന വാഹന പാർക്കിങ് തടയാൻ ജീവനക്കാരെ നിയോഗിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

