പരാതി നൽകിയിട്ടും അവസാനമില്ല; പെരുമ്പുഴയിൽ കക്കൂസ് മാലിന്യം തള്ളൽ തുടർക്കഥ
text_fieldsകാഞ്ഞാണി പെരുമ്പുഴയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
കാഞ്ഞാണി: തൃശൂർ-കാഞ്ഞാണി സംസ്ഥാന പാതയിൽ കാഞ്ഞാണി പെരുമ്പുഴയിൽ കക്കൂസ് മാലിന്യം റോഡരികിൽ തള്ളുന്നത് പടം സഹിതം പൊലീസിന് പരാതി നൽകിയതിന് പിന്നാലെ ടാങ്കർ ലോറിയിലെത്തി രാത്രി വീണ്ടും സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കി. ഞായറാഴ്ച പുലർച്ചെയാണ് റോഡരികിൽ കക്കൂസ് മാലിന്യം വീണ്ടും ഒഴുക്കിയത്.
കഴിഞ്ഞദിവസം പാമ്പുകടിയേറ്റ കുട്ടിയെ തൃശൂരിലെ ആശുപത്രിയിലെത്തിച്ച് ആംബുലൻസ് തിരികെ വരുമ്പോഴാണ് പെരുമ്പുഴ പാതയോരത്ത് ടാങ്കർ ലോറിയിൽനിന്ന് കക്കൂസ് മാലിന്യം ഒഴുക്കുന്നത് ഡ്രൈവർ കണ്ടത്. രംഗം മൊബൈലിൽ പകർത്തുന്നതിനിടയിൽ ടാങ്കർ ലോറി അതിവേഗം മുന്നോട്ടെടുത്ത് തൃശൂർ ഭാഗത്തേക്ക് പാഞ്ഞു.
മൂന്ന് കിലോമീറ്ററോളം ഒപ്പം സഞ്ചരിച്ചാണ് ആംബുലൻസിലെ സഹായി മൊബൈലിൽ ദൃശ്യം പിടിച്ചത്. ഡ്രൈവർ ദൃശ്യം അന്തിക്കാട് പൊലീസിന് കൈമാറി. തുടർന്ന് മണലൂർ പഞ്ചായത്ത് സെക്രട്ടറിയും പൊലീസിൽ പരാതി നൽകി. ഇതിനിടയിലാണ് വീണ്ടും കക്കൂസ് മാലിന്യം റോഡരികിൽ ഒഴുക്കിയത്. ദിവസവും രാത്രി രണ്ടോടെ പാടശേഖരത്തിലേക്ക് മാലിന്യം ഒഴുക്കിയിട്ടും തള്ളുന്നവരെ പിടികൂടാൻ അന്തിക്കാട് പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസ് പട്രോളിങ് കാര്യക്ഷമമല്ല എന്ന വ്യാപക ആക്ഷേപമാണ് ഉയരുന്നത്.
പെരുമ്പുഴ വഴി സംസ്ഥാനപാതയിലൂടെ സഞ്ചരിക്കുന്നവർക്ക് മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. പുലർച്ചെ ശുചിമുറി മാലിന്യവുമായി എത്തുന്ന ടാങ്കർ ലോറികൾ ഇവ പാടശേഖരത്തിൽ പ്രത്യേകം സജ്ജമാക്കിയയിടത്ത് തള്ളുകയാണ് പതിവ്. സമീപത്ത് ചെടികൾ വളർന്നതിനാൽ വഴിയിൽ പോകുന്നവർ റോഡിനോട് ചേർന്ന കുഴി ശ്രദ്ധിക്കുകയില്ല.
ഇവിടെയാണ് വാഹനങ്ങൾ പുലർച്ചെ രണ്ടോടെ എത്തി മാലിന്യം തള്ളി മടങ്ങുന്നത്. അതുവഴി കടന്നുപോകുന്ന ഒട്ടുമിക്ക വാഹനയാത്രികരും ടാങ്കർ ലോറിയിൽനിന്ന് മാലിന്യം തള്ളുന്നത് കണ്ടിട്ടുണ്ട്. ഇത് അന്വേഷിക്കാനോ വേണ്ടവിധത്തിൽ പട്രോളിന് നടത്താനോ പൊലീസ് തയാറാകുന്നില്ലെന്ന വ്യാപക പരാതിയുണ്ട്.
ദുർഗന്ധം രൂക്ഷമായതോടെ വിവരമറിഞ്ഞ് പൊതുപ്രവർത്തകനായ എം.വി. അരുൺ, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, വാർഡംഗങ്ങളായ സി.പി. പോൾ, സുനിത ബാബു, അരിമ്പൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കവിത തുടങ്ങിയവർ സ്ഥലത്തെത്തി. പൊലീസിന്റെ അനാസ്ഥക്കെതിരെ തൃശൂർ റേഞ്ച് ഐ.ജിക്ക് പരാതി നൽകുമെന്ന് പൊതു പ്രവർത്തകൻ എം.വി. അരുൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

