ഇന്ന് ലോക രക്തദാന ദിനം 60 തവണ രക്തദാനം; പിതാവിന്റെ പാതയിൽ മുഹമ്മദ് സാബിർ
text_fieldsവാടാനപ്പള്ളി: ഒരുലോക രക്തദാനം കൂടി കടന്നുപോകുന്ന വേളയിൽ രക്തദാന മേഖലയിൽ പിതാവിന്റെ പാതയിൽ 60 തവണ രക്തദാനം നൽകിയ മകൻ നാടിന് മാതൃകയാവുന്നു. തൃത്തല്ലൂർ മൊളുബസാർ അമ്പലത്ത് വീട്ടിൽ ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദ് സാബിറാണ് രക്തദാനത്തോടൊപ്പം കാരുണ്യ രംഗത്തും നിറഞ്ഞുനിൽക്കുന്നത്.
ബ്ലഡ് ഗ്രൂപ്പുകളിൽ റെയർ ഗ്രൂപ് എന്നറിയപ്പെടുന്ന പൊതുവെ എളുപ്പത്തിൽ കിട്ടാത്ത ബി നെഗറ്റിവ് ഗ്രൂപ്പാണ് സാബിറിന്റേത്. 18 വയസ്സ് മുതൽ ആരംഭിച്ച രക്തദാനം 40ാം വയസ്സിൽ 60 തവണയാണ് രക്തം നൽകി മനുഷ്യരെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തിയത്. തൃശൂർ മെഡിക്കൽ കോളജ്, ജില്ല ആശുപത്രി, തൃശൂർ ഐ.എം.എ ബ്ലഡ് ബാങ്ക്, എറണാകുളം ആസ്റ്റർ, കലൂർ പി.വി.എസ് ഹോസ്പിറ്റൽ, ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രി, ഒലിവ് ക്ലിനിക് വാടാനപ്പള്ളി, കൂടാതെ വാടാനപ്പള്ളി മേഖലകളിൽ വിവിധ ക്ലബുകൾ, വിവിധ സ്കൂളുകളിൽ എൻ.എസ്.എസ് സംഘടിപ്പിച്ച രക്തദാന ക്യാമ്പുകളിലും രക്തദാനം നടത്തിയിട്ടുണ്ട്.
ചില സർജറികൾക്ക് ഫ്രഷ് ബ്ലഡ് ആവശ്യമുള്ള സമയങ്ങളിൽ തന്റെ ജോലികൾക്കിടയിൽ രക്തം നൽകുന്നതിന് സമയം കണ്ടെത്തിയിരുന്നു. തൃത്തല്ലൂർ വെസ്റ്റ് എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ പ്രവർത്തകനായ മുഹമ്മദ് സാബിർ വാടാനപ്പള്ളിയിലെ ജീവകാരുണ്യ പൊതു പ്രവർത്തന രംഗങ്ങളിലും സജീവ സാന്നിധ്യമാണ്. സഹചാരി സെന്റർ ആംബുലൻസ് ഡ്രൈവർ കൂടിയായ മുഹമ്മദ് സാബിർ ആക്ട്സ് ആംബുലൻസിന്റെ പ്രവർത്തനങ്ങളിലും സജീവമാണ്.
കോവിഡ് സമയത്ത് സാബിറിന്റേയും സുഹൃത്ത് ജാബിറിന്റേയും നേതൃത്വത്തിലുള്ള സഹചാരി സെന്റർ പ്രവർത്തകർ വിവിധ മേഖലകളിലായി 136 കോവിഡ് മൃതദേഹങ്ങൾ സംസ്കരിക്കുകയും ചെയ്തിരുന്നു. കോവിഡ് രോഗികൾക്ക് വീടുകളിൽ എത്തി സഹായവും നൽകിയിരുന്നു മുഹമ്മദ് സാബിറിന്റെ പിതാവ് പരേതനായ ഇബ്രാഹിംകുട്ടിയും നിരവധി തവണ രക്തദാനം നടത്തിയിട്ടുണ്ട്.
പിതാവ് രക്തദാനം നൽകുന്നത് കണ്ടും പിതാവിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി, തൃത്തല്ലൂർ, മൊളുബസാർ പ്രദേശങ്ങളിൽ രക്തം ആവശ്യമുള്ളവർ പിതാവിനെ സമീപിക്കുന്നതും പിതാവിന്റെ കൈയിൽ ഉണ്ടായിരുന്നു രക്തം നൽകാൻ താൽപര്യമുള്ളവരുടെ പേര് വിവരങ്ങൾ അടങ്ങിയ ഡയറിയിൽനിന്ന് രക്തദാനത്തിന് തയാറുള്ള ആളുകളെ കണ്ട് രക്തം നൽകാൻ കൊണ്ടുപോകുന്നതും ജീവൻ രക്ഷിക്കാൻ പിതാവിന്റെ പ്രവർത്തനങ്ങളും കണ്ടാണ് സാബിറും രക്തദാന മേഖലയിലേക്ക് തിരിച്ചത്.
രക്തം ആവശ്യമായി വിളിച്ചാൽ സാബിർ അവിടേക്ക് പാഞ്ഞെത്തും. തുടർന്നും ആവശ്യക്കാർക്ക് രക്തം നൽകാനുള്ള സൽപ്രവർത്തിയിലും അപകടത്തിൽപ്പെടുന്നവരെ ജീവൻ രക്ഷിക്കാൻ ഉടൻ ആശുപത്രിയിൽ എത്തിക്കാനുള്ള പ്രവർത്തനവുമായി സാബിർ വാടാനപ്പള്ളിയിൽ ഉണ്ടാകും. ലോക രക്തദാന ദിനമായ ശനിയാഴ്ച തൃശൂരിൽ സാബിറിനെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

