പ്രവാസ ഓർമകൾ പങ്കുവെക്കാൻ അവർ വീണ്ടുമെത്തി
text_fieldsതളിക്കുളം പ്രവാസി അസോസിയേഷൻ പ്രവർത്തകർ ഒത്തുകൂടിയപ്പോൾ
തളിക്കുളം: പ്രവാസ ജീവിതത്തിലെ ഓർമകൾ പങ്കുവെക്കാൻ ഒരിടവേളക്ക് ശേഷം അവർ വീണ്ടും ഒത്തുചേർന്നു. യു.എ.ഇയിലെ തളിക്കുളത്തുകാരുടെ കൂട്ടായ്മയായ തളിക്കുളം പ്രവാസി അസോസിയേഷൻ യു.എ.ഇ ചാപ്റ്ററിന്റെ പ്രവർത്തകരായിരിക്കുകയും പിൽകാലത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചുവരുകയും ചെയ്തവരുടെ കൂട്ടായ്മയായ തളിക്കുളം പ്രവാസി അസോസിയേഷനാണ് സ്മൃതി സായാഹ്നം സംഘടിപ്പിച്ച് ഒത്തുകൂടിയത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച ഇവർ ഇപ്പോൾ നാട്ടിലാണ്. പലരും പ്രായം കൂടി രോഗികളായി തീർന്നു. തളിക്കുളം ഇടശ്ശേരിയിൽ വാലത്ത് രാജന്റെ വീട്ടിൽ ഒത്തുകൂടിയ മുൻ പ്രവാസികൾ സൗഹൃദം പങ്കുവെക്കുകയും ദീർഘ കാലം യു.എ.ഇയിൽ ചെലവഴിച്ച പ്രവാസ ജീവിതത്തിലെ ഓർമകളുടെയും അനുഭവങ്ങളുടെയും കേൾവിക്കാരാവുകയും ചെയ്തു.
സ്വപ്രയത്നംകൊണ്ട് യു.എ.ഇയിൽ ഒരു സംരംഭം തുടങ്ങുകയും അത് വളർത്തികൊണ്ടുവരുകയും ചെയ്ത രാജൻ ഇപ്പോൾ നാട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്. ഈ കൂടിച്ചേരലിൽ രക്ഷാധികാരി ഗഫൂർ തളിക്കുളം, പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ, സെക്രട്ടറി രത്‌നാകരൻ, ഗോപകുമാർ, ശരത്, വിശ്വംഭരൻ, കാസിം, ധർമൻ, വിദ്യാനന്ദൻ, ബാഹുലേയൻ, കാദർ, രാംദാസ് എന്നിവർ പങ്കെടുത്തു. വർഷങ്ങളായി തളിക്കുളത്തുകാരായ ഈ മുൻ പ്രവാസികൾ ഇടക്കിടെ ഏതെങ്കിലും ഒരംഗത്തിന്റെ വീട്ടിൽ കൂടിച്ചേരാറുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഈ സൗഹൃദ സംഗമം കഴിഞ്ഞദിവസം അവർ പുനരാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

