വി.എസിനെ ഓർത്ത് ലാലൂർ സമരസമിതി; മറക്കാനാവാത്ത അനുഭവമാണ് വി.എസ് -ടി.കെ. വാസു
text_fieldsലാലൂർ സമര നേതാവ് ടി.കെ. വാസു, വി.എസ്. അച്യുതാനന്ദൻ
തൃശൂർ: മറക്കാനാവാത്ത അനുഭവമാണ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെന്ന് ലാലൂർ സമരസമിതി നേതാവ് ടി.കെ. വാസു. ജനതയുടെ ജനാധിപത്യ അവകാശത്തിന് ഒപ്പം നിന്ന നേതാവാണ് അദ്ദേഹം. ലാലൂർ സമരത്തിൽ അദ്ദേഹം ആത്മാർഥമായി ഇടപെട്ടു. പ്രശ്നം പരിഹരിക്കാൻ 9.3 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. വികേന്ദ്രീകൃത മാലിന്യ സംസ്കരണമായിരുന്നു പ്രശ്നത്തിന് പരിഹാരം. അത് നടപ്പാക്കാൻ കാർഷിക സർവകലാശാലയെ ചുമതലപ്പെടുത്തുകയും ചെയ്തു.
തൃശൂർ ജില്ലയിലെ ലാലൂർ എന്ന സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടന്ന ജനകീയ സമരമാണ് ലാലൂർ സമരം. തൊണ്ണൂറുകളിൽ ആരംഭിച്ച് ഏകദേശം രണ്ട് പതിറ്റാണ്ടോളം ഈ ജനകീയ പോരാട്ടം നീണ്ടുപോയി. എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയുമൊക്കെ ഇടപെട്ടുള്ള സമരമാണ്.
എന്നാൽ, വളരെ വ്യക്തമായ ബോധ്യത്തോടെ സമരത്തിൽ ഇടപെടൽ നടത്തിയത് വി.എസ് ആയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരത്ത് പലതവണ സമരസമിതി നേതാക്കളെ വിളിച്ച് ചർച്ച നടത്തി.1988ൽ ആദ്യമായി സമരം തുടങ്ങിയപ്പോൾ വലിയ ജനപിന്തുണയായിരുന്നു. എന്നാൽ, സമരത്തിന്റെ ഭാഗമായ പലരെയും ഭരണകൂടം കേസിൽ കുടുക്കാൻ തുടങ്ങിയതോടെ പ്രത്യക്ഷ സമരത്തിലേക്ക് ജനങ്ങളുടെ വരവ് കുറഞ്ഞു. 1997ൽ മൂന്ന് യുവാക്കൾ മരണപ്പെട്ടു. തുടർന്ന് വീണ്ടും സമരം ആരംഭിച്ചു. എന്നാൽ, അപ്പോഴേക്കും രാഷ്ട്രീയപാർട്ടികൾ ജനങ്ങളെ പിന്തിരിപ്പിക്കാൻ തുടങ്ങി.
ഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ജനങ്ങൾ നടത്തുന്ന പല കാര്യങ്ങളും രാഷ്ട്രീയപാർട്ടികൾ തടസ്സം നിൽക്കാൻ തുടങ്ങി. നേരിട്ട് ഭീഷണിപ്പെടുത്താൻ പോലും ചില പാർട്ടികൾ ശ്രമിച്ചു. അങ്ങനെയെല്ലാം ആളുകളുടെ വരവ് കുറഞ്ഞു. സമരം 2001ൽ അവസാനിക്കുമ്പോൾ ജൈവവള പദ്ധതിയാണ് മുന്നോട്ടുവച്ചിരുന്നത്. ജൈവവള നിർമാണ പ്ലാന്റ് ഉപകാരപ്രദമാകുമെന്ന് സമരസമിതിയും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, പദ്ധതിയുടെ നിർവഹണം എങ്ങനെയാണെന്ന് ഞങ്ങൾക്ക് അറിവുണ്ടായിരുന്നില്ല. അലക്ഷ്യമായി മാലിന്യങ്ങൾ ലാലൂരിൽ നിക്ഷേപിക്കുകയാണ് ചെയ്തത്. ജൈവവള പദ്ധതി പരാജയമായിരുന്നു.സമരത്തിന്റെ പല ഘട്ടങ്ങളിലും ലാലൂർ പ്രശ്നം പരിഹരിക്കുന്നതിനായി പല പദ്ധതികളും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ടായിരുന്നു.
എന്നാൽ, ഈ പദ്ധതികളൊന്നും ശരിയായ രീതിയിൽ നടപ്പാക്കാൻ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥന്മാർക്കും കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയക്കാർ ഈ പ്രശ്നം പരിഹരിക്കാൻ താൽപര്യം കാണിക്കാതിരുന്നതിന്റെ മുഖ്യകാരണം അഴിമതിയായിരുന്നു. വികേന്ദ്രീകൃത സംസ്കരണംവരുന്നതോടെ അഴിമതിക്കുള്ള സാധ്യതകൾ കുറയും. അന്ന് തൃശൂർ നഗരസഭ മേയർ ഇപ്പോഴത്തെ മന്ത്രി ആർ. ബിന്ദുവായിരുന്നു.
നഗരസഭയുടെ അജണ്ടയിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണം എന്ന പദ്ധതി ഉണ്ടായിരുന്നില്ല. നഗരത്തിന്റെ സൗന്ദര്യവൽക്കരണം മാത്രമായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഒടുവിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിയുടെ നടത്തിപ്പിന് എല്ലാവിധ സഹായവും നൽകി വി.എസ് ഉത്തരവിറക്കി. ഭരണസംവിധാനത്തെ ആകെ ഇതിനുവേണ്ടി പരുവപ്പെടുത്തി. തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

