പരിയാരം കമ്മളം റോഡിൽ കട്ട വിരിച്ചത് കഷ്ടപ്പാടായി
text_fieldsപരിയാരം കമ്മളം റോഡ് നവീകരണത്തിന് ശേഷം
ചാലക്കുടി: പരിയാരം പഞ്ചായത്തിലെ കമ്മളം റോഡ് നവീകരണത്തിന്റെ ഭാഗമായി ടൈൽസ് നിരത്തിയത് അപകടക്കെണിയായി മാറിയെന്ന് പ്രദേശവാസികൾ. റോഡിന്റെ ഉയരം കൂടുകയും വീതി കുറയുകയും ചെയ്തു. മുമ്പ് വീതി കുറവായിരുന്നെങ്കിലും രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നു പോകാമായിരുന്നു. എന്നാൽ പഴയ റോഡിന്റെ നിരപ്പിൽ നിന്നു കട്ട വിരിച്ചപ്പോൾ മുക്കാൽ അടിയോളം ഉയരം കൂടി. ഉയരം കൂടിയതോടെ രണ്ട് വശത്തും ഗർത്തം രൂപം കൊണ്ട് റോഡിന്റെ വീതി കുറഞ്ഞതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്.
തുടർച്ചയായി മഴ പെയ്താൽ ചാലക്കുടി മേഖലയിൽ പെട്ടെന്ന് വെള്ളം കയറുന്ന റോഡുകളിലൊന്നാണ് പരിയാരം പഞ്ചായത്തിലെ കമ്മളം റോഡ്. ഏറെക്കാലം അവഗണയിൽ കിടന്ന ഈ റോഡിന് എം.എൽ.എ ഫണ്ട് അനുവദിച്ചു കിട്ടിയത് മുതൽ നാട്ടുകാർ ഏറെ സന്തോഷത്തിലായിരുന്നു. തുടർന്ന് നടത്തിയ നവീകരണമാണ് അപകടക്കെണിയായത്. ഇരുചക്രവാഹനങ്ങളും വിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന ഈ റോഡ് അശാസ്ത്രീയമായി നവീകരിച്ചത് അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു.
ഇരുചക്ര വാഹനങ്ങൾ ഇത് വഴി കടന്നു പോകുമ്പോൾ എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ വളരെ പ്രയാസമാണ്. വാഹനമൊന്നു വെട്ടിയാൽ മറിഞ്ഞ് അപകടം ഉണ്ടാവുകയും ചെയ്യും. എഡ്ജ് നിർമിതിക്ക് പകരം സ്ലോപ്പാക്കി നിർമാണം നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും അധികാരികളുടെ ഭാഗത്തു നിന്നു പ്രതികരണമുണ്ടായില്ല. ജനങ്ങളുടെ സുരക്ഷയ്ക്ക് റോഡ് അപകടരഹിതമാകാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

