അംഗൻവാടി അധ്യാപികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല മോഷണം; പ്രതികൾ അറസ്റ്റിൽ
text_fieldsജീസൻ, അഞ്ജന
മാള: അംഗൻവാടി അധ്യാപികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മൂന്ന് പവന്റെ സ്വർണമാല കവർന്ന സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മാള വെന്തല കടമ്പനാട്ട് വീട്ടിൽ അഞ്ജന (23), മാള മേലഡൂർ കാരക്കാട്ട് വീട്ടിൽ ജീസൻ(18) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈന്തലയിൽ അംഗൻവാടിയിൽനിന്നും ജോലികഴിഞ്ഞ് വെണ്ണൂരിലെ വീട്ടിലേക്ക് നടക്കുകയായിരുന്ന നെല്ലിശ്ശേരി വീട്ടിൽ മോളി ജോർജിന്റെ (60) കണ്ണിൽ മുളകുപൊടിയെറിഞ്ഞാണ് മാല പൊട്ടിച്ചത്. അംഗൻവാടിയിലേക്ക് പോകുന്നതും വരുന്നതും നടന്നാണെന്ന് മനസ്സിലാക്കിയ പ്രതികൾ ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് മോഷണം നടത്തിയത്.
തിങ്കളാഴ്ച വൈകീട്ട് സമീപത്തൊന്നും ആളുകളില്ലന്ന് ഉറപ്പുവരുത്തിയ ശേഷം മോളിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കഴുത്തിൽ ഞെക്കിപ്പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മാല കവർന്നത്. ശേഷം റോഡിലേക്ക് തള്ളിയിട്ടു. നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടുന്നതിന് മുമ്പ് പ്രതികൾ രക്ഷപ്പെട്ടിരുന്നു.
പ്രധാന പ്രതിയായ അഞ്ജനയുടെ വീട്ടിലെത്തിയ പ്രതികൾ മാല വിൽപ്പന നടത്താനായി ചാലക്കുടിയിലേക്കാണ് പോയത്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷൻ പരിധികളിലേക്കും വിവരം കൈമാറി. പ്രതികളെ പിടികൂടുന്നതിന് ജില്ലയിലാകെ വാഹന പരിശോധനകളും മറ്റും നടത്തി വരികയായിരുന്നു. ഇതിനിടെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.
ചാലക്കുടിയിലെ ഒരു ജ്വല്ലറിയിൽ താലി മാത്രം വിറ്റ് പണം വാങ്ങിയിരുന്നു. അന്വേഷണ സംഘം അഞ്ജനയെ വെണ്ണൂരിൽനിന്നും ജീസനെ പുറക്കുളം പാലത്തിനു സമീപത്തുനിന്നും പിടികൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജീസനെ സാഹസികമായാണ് പിടികൂടിയത്.
മാള സ്റ്റേഷൻ എസ്.എച്ച്.ഒ സജിൻ ശശി, ഗ്രേഡ് എസ്.ഐമാരായ റഷീദ് പി.എം. വിനോദ് കുമാർ, സുധാകരൻ കെ.ആർ, എ.എസ്.ഐമാരായ നജീബ്, ഷാലി, സാജിത, ജി.എസ് സി.പി.ഒമാരായ വഹദ് ടി.ബി, ദിബീഷ്, അനീഷ് പി.എ, ജിജീഷ് എം.എസ്, സി.പി.ഒമാരായ വിപിൻലാൽ, ജിനേഷ്, നവീൻ, സിജോയ് എന്നിവർ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

