തൃശൂർ പൂരാരവത്തിലേക്ക്
text_fieldsതൃശൂർ പൂരം പ്രദർശന നഗരിക്ക് കാൽനാട്ടുന്നു
തൃശൂർ: വിവാദങ്ങളെ അസ്ഥാനത്താക്കി തൃശൂർ പൂരം പ്രദർശന നഗരിക്ക് കാൽനാട്ടി. തറവാടക വിവാദത്തിൽ പൂരം ചടങ്ങ് മാത്രമാക്കുമെന്ന ഭീഷണി വരെയെത്തിയ പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ ഇടപെടലോടെ ആശങ്കയൊഴിഞ്ഞ ആഹ്ലാദനിറവിലാണ് തൃശൂർ ആഘോഷത്തിനൊരുങ്ങുന്നത്.
രാവിലെ പാറമേക്കാവ് ക്ഷേത്രം മേൽശാന്തി കാരേക്കാട് രാമൻ നമ്പൂതിരിപ്പാട് ഭൂമി പൂജ നടത്തിയ ശേഷം പങ്കെടുത്തവർ ഭദ്രദീപം കൊളുത്തി അനുമതി നൽകിയ ശേഷമായിരുന്നു കാൽനാട്ട്.
ടി.എൻ. പ്രതാപൻ എം.പി, മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, അംഗം പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം ബോർഡ് കമീഷണർ അനിൽ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, മുൻ മേയർമാരായ ഐ.പി. പോൾ, അജിത ജയരാജൻ, കൗൺസിലർമാരായ പൂർണിമ സുരേഷ്, എൻ. പ്രസാദ്, റെജി ജോയ്.
തൃശൂർ അസി. കമീഷണർ കെ. സുദർശൻ, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, പ്രസിഡന്റ് ഡോ. എം. ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് ഡോ. ടി.എ. സുന്ദർ മേനോൻ, ജോ. സെക്രട്ടറി പി. ശശിധരൻ, വൈസ് പ്രസിഡൻറ് പ്രശാന്ത് മേനോൻ, പൂരം പ്രദർശന കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻറ് എ. രാമകൃഷ്ണൻ, വൈസ് പ്രസിഡൻറുമാരായ കെ. ഉണ്ണികൃഷ്ണൻ, ഐ. ചന്ദ്രശേഖരൻ, സെക്രട്ടറി പി.എ. വിപിനൻ, ജോ. സെക്രട്ടറി എം. രമേഷ്, ട്രഷറർ എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഈ വർഷം പൂരം നേരത്തെയായതിനാൽ പ്രദർശനവും നേരത്തെയാണ്. മാർച്ച് 24 മുതൽ മേയ് 22 വരെയാണ് പൂരം പ്രദർശനം. സാധാരണ ഏപ്രിൽ ഒന്നിനാണ് പ്രദർശനം തുടങ്ങാറുള്ളത്. ഏപ്രിൽ 19നാണ് ഈ വർഷത്തെ പൂരം.
ലോക്സഭ തെരഞ്ഞെടുപ്പ് കൂടി ഈ സമയത്തായതിനാൽ തെരഞ്ഞെടുപ്പ് ആവേശവും പൂരാവേശത്തിനൊപ്പമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയടക്കം 150 ഓളം സ്റ്റാളുകളും ഏഴുപതോളം പവലിയനുകളുമാണ് ഈ വർഷം പൂരം പ്രദർശനത്തിലുള്ളത്.
തറവാടക 2.20 കോടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദേവസ്വങ്ങളും കൊച്ചിൻ ദേവസ്വം ബോർഡും തമ്മിൽ തർക്കത്തിലായത്. പൂരം നടക്കുന്നത് പ്രദർശന നഗരിയിലെ വരുമാനം കൊണ്ടാണെന്നിരിക്കെ ബോർഡിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ നിലപാട്. ഇരു വിഭാഗവും നിലപാടിൽ ഉറച്ചുനിന്നതോടെ പൂരം ചടങ്ങാക്കുമെന്ന പ്രമേയം ദേവസ്വങ്ങൾ പാസാക്കി. ഇതോടെ വിഷയം മുഖ്യമന്ത്രി ഇടപെട്ട് മുൻ വർഷത്തെ തറവാടകയായ 42 ലക്ഷത്തിന് ധാരണയാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

