തൃശൂർ ഷോപ്പിങ് ഫെസ്റ്റിവൽ ഇന്ന് മുതൽ
text_fieldsതൃശൂർ: തൃശൂർ കോർപറേഷനും ചേംബർ ഓഫ് കൊമേഴ്സും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് നടത്തുന്ന തൃശൂർ ഷോപ്പിങ് ഫെസ്റ്റിവൽ ശനിയാഴ്ച തുടങ്ങും. ജനുവരി ഒന്ന് വരെ ഫെസ്റ്റിവൽ. നഗര വീഥികളും വ്യാപാര സ്ഥാപനങ്ങളും ദീപാലംകൃതമാക്കും.
ജീവനക്കാരെ രണ്ട് ഷിഫ്റ്റിലായി ക്രമീകരിച്ച് കടകൾ രാത്രി 11 വരെ തുറന്നിരിക്കണമെന്ന് വ്യാപാരികൾക്ക് നിർദേശം നൽകിയതായി ചേംബർ ഭാരവാഹികൾ പറഞ്ഞു. രാത്രി നഗരം ചുറ്റാൻ സൗകര്യത്തിന് സൗജനമായി ‘സിറ്റി സർക്കുലർ ബസ് സർവീസ്’ഏർപ്പെടുത്തുമെന്ന് മേയർ എം.കെ. വർഗീസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് 6.30ന് തൃശൂർ പാലസ് റോഡിലെ ചേംബർ പരിസരത്തുനിന്ന് പട്ടാളം റോഡിലെ ഇ.എം.എസ് സ്ക്വയർ വരെ ഘോഷയാത്ര നടത്തും. തുടർന്ന് മേയർ, പി. ബാലചന്ദ്രൻ എം.എൽ.എ, കലക്ടർ വി.ആർ. കൃഷ്ണ തേജ എന്നിവർ ചേർന്ന് ഷോപ്പിങ് ഫെസ്റ്റിവൽ ഉദ്ഘാടനവും ദീപാലങ്കാരം സ്വിച്ചോൺ കർമവും നിർവഹിക്കും.
തേക്കിൻകാട് മൈതാനിയിൽ ഒരുക്കുന്ന രണ്ട് വേദികളിൽ താൽപര്യമുള്ളവർക്ക് കലാപരിപാടികൾ അവതരിപ്പിക്കാം. ഇക്കണ്ടവാര്യർ റോഡിൽ ഭക്ഷ്യമേളയും മത്സരവും നടത്തും.
സ്വന്തമായി വാഹനമുള്ള ജീവനക്കാരെ രണ്ടാം ഷിഫ്റ്റിലേക്ക് ക്രമീകരിച്ച് രാത്രി 11 വരെ കടകൾ തുറന്നിരിക്കണമെന്ന് വ്യാപാരികളോട് അഭ്യർഥിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ സഹകരിച്ചാൽ അത് യാഥാർഥ്യമാകും. ഫെസ്റ്റിവൽ വേദികളും പ്രധാന റോഡുകളും ചുറ്റി പൊതുജനങ്ങൾക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തും. മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ബസ് ഉണ്ടാകും.
20 മുതൽ ഫോട്ടോ പ്രദർശനവും 22 മുതൽ ജനുവരി ഒന്ന് വരെ നെഹ്റു പാർക്കിന് സമീപം പുഷ്പോത്സവവുമുണ്ട്. 31ന് വൈകിട്ട് ഏഴ് മുതൽ ഒമ്പത് വരെ ശക്തൻ ഗ്രൗണ്ടിൽ ഫാഷൻ ഷോയും ഒമ്പത് മുതൽ 12 വരെ ചെമ്മീൻ ബാന്റ് ഒരുക്കുന്ന പുതുവത്സരാഘോഷവുമാണ്. വാർത്തസമ്മേളനത്തിൽ ചേംബർ സെക്രട്ടറി ജീജി ജോർജ്, ഫെസ്റ്റവൽ കൺവീനർ സോളി തോമസ്, പി.ആർ.ഒ ടോജോ മാത്യു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

