പുലിക്കളി നാളെ; ആവേശമുയർത്താൻ ഒമ്പത് സംഘങ്ങൾ
text_fieldsതൃശൂർ ബാനർജി ക്ലബിൽ കോർപറേഷൻ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ ചമയ പ്രദർശനം
തൃശൂർ: ചതയദിനമായ തിങ്കളാഴ്ച തൃശൂരിൽ പുലികളിറങ്ങും. നഗരം വിറപ്പിക്കാനായി ഇത്തവണ ഒമ്പത് പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്. ഓരോ സംഘങ്ങളും പരിശീലനവും തയാറെടുപ്പും പൂർത്തിയാക്കി തയാറായി കഴിഞ്ഞു. ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലി മുഖങ്ങളും വേഷങ്ങളുമായി ഒമ്പത് സംഘങ്ങളാണ് ഇറങ്ങുക. 400ഒാളം പുലികളാണ് റൗണ്ടിലൂടെ ഇറങ്ങുക.
കോർപറേഷന്റെ മേൽനോട്ടത്തിൽ വിവിധ ദേശങ്ങളുടെ നേതൃത്വത്തിലാണ് പുലിക്കളി നടത്തുന്നത്. ഇത്തവണ ഇറങ്ങുന്ന ഒമ്പത് സംഘങ്ങളും സർപ്രൈസ് ഒരുക്കി കാഴ്ചക്കാരെ അമ്പരപ്പിക്കാനുള്ള ശ്രമത്തിലാണ് ദേശങ്ങൾ. പഴയകാലത്ത് പുലിക്കളിയിൽ സജീവമായിരുന്ന പല പ്രമുഖ ടീമുകളും ഇത്തവണ മത്സരരംഗത്തുണ്ട്.
വിവിധ സംഘങ്ങളുടെ രഹസ്യമായുള്ള ഒരുക്കങ്ങളുടെ പൂർണരൂപം പുലിക്കളി ദിവസം സ്വരാജ് റൗണ്ടിൽ എല്ലാവർക്കും കാണാം. ടാബ്ലോകളുടെയും പുലിവണ്ടിയുടെയും നിർമാണം പൂർത്തിയായിക്കഴിഞ്ഞു. കോർപറേഷൻ ഒന്നാം സമ്മാനമായി നൽകുന്നത് 12,500 രൂപയാണെങ്കിലും ടാബ്ലോകൾക്കും പുലിവണ്ടിക്കുമായി മാത്രം മൂന്നുലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
പൂരം കഴിഞ്ഞാൽ തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളി കാണാൻ പതിനായിരങ്ങൾ എത്തും. അവർക്ക് മികച്ച ദൃശ്യവിരുന്നൊരുക്കുകയാണ് ലക്ഷ്യം. കുറച്ചുവർഷങ്ങളായി പെൺപുലികളും സജീവമാണ്. ഇത്തവണയും സ്ത്രീകൾ രംഗത്തിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

