തൃശൂർ പൂരം പ്രദർശനത്തിന് ‘പ്രതിഷേധ’ സമാപനം
text_fieldsതൃശൂർ: തൃശൂർ പൂരം പ്രദർശനത്തിന് ‘പ്രതിഷേധ’ സമാപനം. പ്രദർശന നഗരിക്ക് വൻ നിരക്ക് തറവാടക ഇനത്തിൽ ഈടാക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെയും പ്രശ്ന പരിഹാരത്തിന് സർക്കാർ തലത്തിലുള്ള ഇടപെടൽ ഇല്ലാത്തിലുമുള്ള പ്രതിഷേധമായിരുന്നു പ്രദർശന നഗരിയിലെ സമാപന ചടങ്ങ്.
പരിപാടിയിൽനിന്ന് പൂരത്തിന്റെ മുഖ്യ പങ്കാളികളും പൂരം പ്രദർശനത്തിന്റെ മുഖ്യ സംഘാടകരുമായ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ വിട്ടു നിന്നു. പ്രതിഷേധമുണ്ടെന്ന സൂചനയെ തുടർന്ന് സമാപനം ഉദ്ഘാടനം ചെയ്യേണ്ട മന്ത്രി കെ.രാജനും പങ്കെടുക്കേണ്ട പി.ബാലചന്ദ്രൻ എം.എൽ.എയും നേരത്തെ മടങ്ങി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ സുദർശനും പങ്കെടുത്തില്ല.
സമാപന സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. പൂരം പ്രദർശനത്തിന് ഏർപ്പെടുത്തിയ ഭീമ വാടക ദേവസ്വം ബോർഡ് പുന:പരിശോധിക്കണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. പൂരം പ്രോൽസാഹിപ്പിക്കുന്നതിന് പകരം ദുർബലപ്പെടുത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി മുരളീധരൻ, കൗൺസിലർമാരായ പൂർണിമ സുരേഷ്, റെജി ജോയ്, പ്രദർശന കമ്മിറ്റി പ്രസിഡൻറ് കെ.ചന്ദ്രശേഖരൻ, സെക്രട്ടറി പി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ വി.എൻ.ഹരി, കെ.സുരേഷ്, ജോ.സെക്രട്ടറി എ.മോഹൻകുമാർ, ട്രഷറർ കെ.രമേഷ് എന്നിവർ പങ്കെടുത്തു.
മികച്ച പവലിയനുകൾക്കും സേവനദാതാക്കൾക്കുമുള്ള അവാർഡുകളുടെ വിതരണവും എം.പി നിർവഹിച്ചു. സാധാരണയായി പ്രദർശനം ഉദ്ഘാടനത്തിനും സമാപനത്തിനും പ്രമുഖരെ സ്വീകരിക്കാൻ ആനയെഴുന്നെള്ളിപ്പും മേളവും ഉണ്ടാവാറുണ്ടെന്നിരിക്കെ, ഈ വർഷത്തെ സമാപനത്തിന് എല്ലാം ഒഴിവാക്കി.
തറവാടക വിവാദം പൂരത്തിന് മുമ്പേ ഉണ്ടായതാണെങ്കിലും പ്രശ്ന പരിഹാരത്തിന് സർക്കാർ തലത്തിലോ ബോർഡ് തലത്തിലോ ശ്രമമുണ്ടാവാത്തതിൽ കടുത്ത പ്രതിഷേധമാണ് ദേവസ്വങ്ങളിലും പൂരപ്രേമികൾക്കിടയിലുമുയരുന്നത്. വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രിമാരും ബോർഡ് പ്രസിഡന്റും നിരന്തരം പറഞ്ഞതല്ലാതെ ഇതുവരെയും തീരുമാനമുണ്ടായില്ല.
ഇതിനിടെ കഴിഞ്ഞ ദിവസം തറവാടക ഇനത്തിൽ 1.82 കോടി അടക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് പൂരം പ്രദർശന കമ്മിറ്റിക്ക് നോട്ടിസും നൽകിയതോടെയാണ് കടുത്ത നിലപാടിലേക്ക് ദേവസ്വങ്ങൾ കടന്നത്. തൃശൂർ പൂരത്തിന്റെ ചിലവിനുള്ള പ്രധാന വരുമാനമാർഗമാണ് പ്രദർശനം. വൻ തുക ഈടാക്കുന്നതിലൂടെ പൂരം പ്രതിസന്ധിയിലാവും.
ഇക്കാര്യം പല തവണ ബോർഡിനെയും സർക്കാരിനെയും അറിയിച്ചതുമാണ്. ദേവസ്വം മന്ത്രി ജില്ലക്കാരനായിട്ട് പോലും ഇടപെടലില്ലാത്തതിൽ കടുത്ത അമർഷത്തിലാണ് ദേവസ്വങ്ങൾ. പൂരവും പ്രദർശനവും തകർക്കാൻ ശ്രമിക്കുകയാണെന്നുമുള്ള ആക്ഷേപത്തിലാണ് പൂരപ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

