മനവും മാനവും നിറച്ച് പെയ്തിറങ്ങി പൂരക്കാഴ്ച
text_fieldsതൃശൂർ പൂരത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനത്ത് നടന്ന തിരുവമ്പാടി വിഭാഗത്തിന്റെ കുടമാറ്റം
തൃശൂർ: കെങ്കേമം എന്ന് പറയണം. സാമ്പിൾ വെടിക്കെട്ടിൽതന്നെ ഇത്തവണ പൂരം അത്ര ‘സിംപിൾ’ ആവില്ലെന്ന സൂചന തന്ന പൂരം സംഘാടകർ വിളംബരവും കടന്ന് പൂരം നാളിൽ മിന്നിച്ചു. പുഴ പോലെ പല ദിക്കുകളിൽനിന്ന് ഒഴുകിയെത്തിയ ജനസഹസ്രങ്ങളെ ആവേശത്തിലാറാടിച്ച് കുടമാറ്റവും രാത്രി പൂരങ്ങളുടെ വരവും വരെയുള്ള ആദ്യ നാൾ അവസാനിച്ചു.
സർക്കാരും ജില്ല ഭരണകൂടവും ‘ഇറങ്ങിക്കളിച്ച’ പൂരത്തിന് അതിന്റെ തികവ് പ്രകടമായിരുന്നു. ഓരോ അണുവും പിഴവില്ലാതെ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഭരണ സംവിധാനം ഇത്രയധികം ശ്രമപ്പെട്ടതും ഇത്തവണ കണ്ട പ്രത്യേകതയാണ്. കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങിയത് മുതൽ പൂരനഗരം ആവേശത്തിലായിരുന്നു. അന്തരീക്ഷവും അനുകൂലം. പല വഴികളിലൂടെ തൃശൂർ നഗരത്തിലെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ച പൂരങ്ങൾക്കൊപ്പം അതത് തട്ടക നിവാസികളും ചേർന്നപ്പോൾ അക്ഷരാർഥത്തിൽ നഗരം പൂരത്തിൽ മുങ്ങി. ആനപ്രേമികൾക്ക്, മേളാസ്വാദകർക്ക്, ഇതൊന്നുമല്ലാതെ കാഴ്ചകളിൽനിന്ന് കാഴ്ചകളിലേക്ക് അലഞ്ഞ് നടക്കുന്നവർക്ക്....എല്ലാവർക്കും വേണ്ട വിഭവങ്ങൾ നഗരം നൽകി.
എണ്ണംപറഞ്ഞ വാദ്യ-മേളങ്ങൾ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എറണാകുളം ശിവകുമാറും ഗുരുവായൂർ നന്ദനും അടക്കമുള്ള കൊമ്പന്മാരുടെ തലയെടുപ്പിന്റെ ചന്തമെല്ലാം ആസ്വദിച്ച് പലനാടുകളിൽനിന്ന് എത്തിയവർ നഗരം കീഴടക്കി. പൂരം നാളിലെ ആസ്വാദ്യ ഇനമായ കുടമാറ്റം ഇത്തവണ ത്രില്ലടിപ്പിച്ചു. സന്ധ്യയോടെ തുടങ്ങാറുള്ള കുടമാറ്റം തെക്കോട്ടിറക്കം കഴിഞ്ഞതിന് പിന്നാലെ, അൽപ്പം നേരത്തെ തുടങ്ങിയെങ്കിലും ‘കുടകളുടെ രഹസ്യം’ പുറത്തെടുത്തുകഴിയാത്തതിനാൽ നീണ്ടുപോയി. തിരുവമ്പാടിയും പാറമേക്കാവും കുടകൾ മാറി മാറി മത്സരിച്ചപ്പോൾ നേരം ഇരുട്ടിയതറിയാതെ പതിനായിരങ്ങൾ തെക്കേഗോപുരച്ചെരിവിൽ ആർത്തട്ടഹസിച്ച് നിന്നു. കുടമാറ്റം കഴിഞ്ഞ് പാറമേക്കാവും തിരുവമ്പാടിയും പിരിഞ്ഞതോടെ രാത്രി പൂരങ്ങളുടെ വരവായി.
പൂരം ഇന്നാണ് കലാശിക്കുന്നത്. പുലർച്ചെ വെടിക്കെട്ടിന് ശേഷം വിശദമായ വാദ്യ-മേളങ്ങൾ കഴിഞ്ഞ് ഭഗവതിമാർ വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി ചെറിയ കുടമാറ്റവും കരിമരുന്ന് പ്രയോഗവും നടത്തി മഠത്തിൽ രാത്രി കൂടിയാറാട്ട് നടത്തി തിരിച്ച് സ്വക്ഷേത്രങ്ങളിലെത്തി ഉത്രം വിളക്കാഘോഷിക്കുന്നതോടെ ഒരു തൃശൂർ പൂരം കൂടി ഓർമകളുടെ സൂക്ഷിപ്പിലേക്ക് ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

