നഗരം പൂരാരവത്തിൽ
text_fieldsതൃശൂർ: പൂരം ചൊവ്വാഴ്ചയാണെങ്കിലും നഗരം പൂരത്തിരക്കിലും ആവേശത്തിലും അമർന്ന് കഴിഞ്ഞു. ഇന്ന് ഇരുട്ടിവെളുത്താൽ നാളെ പുലരുവോളം പൂരാസ്വാദകരുടെ ഒരുവർഷത്തെ കാത്തിരിപ്പാണ് സഫലീകരിക്കുന്നത്. ആനപ്രേമികളും മേളാസ്വാദകരും വെടിക്കെട്ടിന്റെ മാസ്മരികത ഇഷ്ടപ്പെടുന്നവരും കുടമാറ്റത്തിന്റെ വർണരാജികളിൽ അലിഞ്ഞ് ചേരാനും ആളാരവങ്ങളിൽ അലഞ്ഞ് തിരിയാനുമെല്ലാം ഇഷ്ടപ്പെടുന്നവരുടെ ഒഴുക്ക് ഇന്നലെ രാവിലെ മുതൽതന്നെ വടക്കുംനാഥന്റെ മണ്ണിലേക്ക് തുടങ്ങിയിരുന്നു.
ചമയ പ്രദർശനം തുടങ്ങി
തിരുവമ്പാടി, പാറേമക്കാവ് ദേവസ്വങ്ങളുടെ ചമയ പ്രദർശനത്തിന് ഇന്നലെ രാവിലെ തുടക്കമായി. പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും ചമയപ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്തത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി, റവന്യു മന്ത്രി കെ. രാജൻ, മന്ത്രി ഡോ. ആർ. ബിന്ദു എന്നിവർ ചേർന്നായിരുന്നു. തിരുവമ്പാടിയുടെ ചമയ പ്രദർശനം കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. പാറേമക്കാവ് ക്ഷേത്രം അഗ്രശാലയിലാണ് പാറേമക്കാവിന്റെ ചമയ പ്രദർശനം. രണ്ടിടത്തും തിങ്കളാഴ്ച രാത്രി 12 മണിവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. പ്രദർശനം കാണാൻ വൻ തിരക്കാണുള്ളത്.
ആകർഷകമായി പന്തൽ
പൂരത്തിന്റെ വരവറിച്ച് സാമ്പിൾ വെടിക്കെട്ടും നടന്നു. പുതിയ നിയമ ഭേദഗതി വന്ന ശേഷമുള്ള ആദ്യപൂര വെടിക്കെട്ട് ആരേയും നിരാശപ്പെടുത്തില്ലെത്ത് ഉറപ്പാക്കുന്നതായിരുന്നു ആകാശത്ത് വർണരാജി നിറച്ച സാമ്പിളും. സ്വരാജ് റൗണ്ടിൽ നിന്ന് ആളുകൾ വെടിക്കെട്ട് ആസ്വദിച്ചു. പൂരത്തിന്റെ അടയാളങ്ങളായ പന്തലുകളും ഉയർന്ന് വർണവെളിച്ചം വിതറി ആകർഷകങ്ങളായി കഴിഞ്ഞു. പാറേമക്കാവ് വിഭാഗത്തിന്റേത് മണികണ്ഠനാലിലും തിരുവമ്പാടി വിഭാഗത്തിന്റേത് നടുവിലാലിലും നായ്ക്കനാലിലുമാണ്.
മണികണ്ഠനാൽ പന്തൽ ഒരുക്കിയിരിക്കുന്നത് നാദം ബൈജുവാണ്. കഴിഞ്ഞ അഞ്ച് വർഷമായി പാറേമക്കാവിനായി പന്തൽ ഒരുക്കുന്നത് ഇദ്ദേഹമാണ്. നടുവിലാലിലെ പന്തലിന്റെ നിർമാണം സെയ്തലവിയുടെ നേതൃത്വത്തിലാണ് നടന്നത്. തിരുവമ്പാടി വിഭാഗത്തിനായി 16 വർഷമായി പന്തൽ നിർമിക്കുന്നു. നായ്ക്കനാൽ പന്തൽ നിർമാണം പള്ളത്ത് മണികണ്ഠന്റെ നേതൃത്വത്തിലാണ്. പന്തൽ മേഖലയിൽ 25 വർഷത്തെ പ്രവർത്തി പരിചയമുള്ളയാളാണ് ഇദ്ദേഹം.
പ്രതീക്ഷയോടെ കച്ചവടക്കാർ
എത്രയധികം ജനങ്ങൾ പൂരത്തിൽ പങ്കാളികളാകാൻ നഗരത്തിലെത്തിയാലും അവരെയെല്ലാം ഉൾക്കൊള്ളാൻ വ്യാപാര സമൂഹവും താൽക്കാലിക കച്ചവടക്കാരും സജ്ജമായി. പുറമെ താൽക്കാലിക കച്ചവടക്കാരും അണിനിരന്നിട്ടുണ്ട്. പൂരം ആസ്വാദകരുടെ മാത്രമല്ല, കച്ചവടക്കാരുടേത് കൂടിയാണെന്ന് ഉറപ്പിക്കുന്നതാണ് ഒരുക്കങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

