ആൾക്കടലായി തൃശൂർ
text_fieldsതൃശൂർ പൂരത്തിന്റെ കുടമാറ്റം കാണാൻ എത്തിയ ജനക്കൂട്ടം
തൃശൂർ: ആർത്തലച്ചെത്തിയ പുരുഷാര നിറവിൽ പൂരത്തിന് ഏഴഴക്. 36 മണിക്കൂർ നിളുന്ന താള മേള പെരുക്കത്തിൽ മുങ്ങിയ പൂരത്തിന് ഇക്കുറി എത്തിയത് വൻ ജനാവലി. മഴയുടെ അകമ്പടി ഉണ്ടായിട്ടും പൂരത്തലേത്ത് വീർപ്പുമുട്ടിയ നഗരം പിന്നെയും ആൾക്കടലായി. പൂരപ്പന്തലുകളും ചമയ പ്രദർശനവുമൊക്കെ കാണാൻ ജനം ഒഴുകിയെത്തി.
പുലർച്ചെ ഘടകപൂരങ്ങൾക്കൊപ്പം പ്രദക്ഷിണവഴികളിലൂടെ ആരവങ്ങളുമായി തേക്കിൻകാടിലേക്ക് ഒഴുകിയ പുരുഷാരം പിന്നെ ഓരോ നിമിഷങ്ങളിലും മെക്സിക്കൻ തിരമാലകളായി അലയടിക്കുകയായിരുന്നു. ഞായറിന് പിന്നാലെ മേയ് അവധി കൂടി പൂരത്തിനായി നീക്കിവെച്ച് തെക്കും വടക്കും സാംസ്കാരിക നഗരിയിലേക്ക് ഒഴുകുകയായിരുന്നു. അതുകൊണ്ട് തന്നെ കുടുംബങ്ങൾ ഏറെ എത്തിയ പൂരം കൂടിയാണിത്. കുട്ടികളും സ്ത്രീകളും മുതിർന്നവരും വൃദ്ധരുമൊക്കെയായി കുടുംബവുമായി പൂരം കാണാനെത്തിയവരാൽ തട്ടകം നിറഞ്ഞു. ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യം കൂടി ഒരുക്കിയതിനാൽ ഭിന്നശേഷി സൗഹൃദവുമായി ഇക്കുറി പൂരം. രാവിലെ മുതൽ കുട്ടികളുടെ കലപിലയായിരുന്നു എങ്ങും.
ഘടകപൂരങ്ങൾക്ക് പിന്നാലെ മഠത്തിൽ വരവും തുടർന്ന് ശ്രീമൂല സ്ഥാനത്തെ മേളവും പുളകംകൊള്ളിച്ച ഇലഞ്ഞിത്തറമേളവും പിന്നാലെ കുടമാറ്റവും ആസ്വദിച്ച് പൂരാവേശത്തിൽ കുടുംബങ്ങൾ അലിഞ്ഞു. അതിനിടെ പൂരം പ്രദർശനം കാണാനും സമയം കണ്ടെത്തി.
കുടുംബത്തിലെ മുതിർന്നവർ മേളപ്പെരുക്കവും വാദ്യഘോഷവുമൊക്കെ ആസ്വദിച്ച് പുതിയ തലമുറക്ക് അവ മനസിലാക്കി കൊടുക്കുന്നതും കാണാമായിരുന്നു. ഒടുക്കം വണ്ണിൽ വർണവിസ്മയം പെയ്യുന്ന വെടിക്കെട്ടും ആസ്വദിച്ച് പകൽപൂരവും കണ്ട് പൂരക്കഞ്ഞിയും കുടിച്ച് മടങ്ങുന്ന തരത്തിലാണ് മിക്കവരുടെയും യാത്ര പദ്ധതി. സ്ത്രീ സൗഹൃദ പൂരമെന്ന ഖ്യാതി പരത്തിയതിനാൽ വൻതോതിലാണ് സ്ത്രീ കൂട്ടായ്മകൾ പൂരം നുകരാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

