തൃശൂർ പൂരം കളറാകും
text_fieldsതൃശൂർ: തൃശൂർ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് ഇനങ്ങൾ ഉപയോഗിക്കാൻ പെട്രോളിയം ആൻഡ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) പ്രത്യേകാനുമതി. ഓലപ്പടക്കം, കുഴിമിന്നൽ, അമിട്ട്, ഗുണ്ട് എന്നീ പരമ്പരാഗത ഇനങ്ങൾ വെടിക്കെട്ടുകളിൽ ഉപയോഗിക്കാൻ 2008 മുതൽ നിയന്ത്രണങ്ങളുണ്ട്. 2016 ലെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനുശേഷം ഇത് കർശനമാക്കിയിരുന്നു. എന്നാൽ, തൃശൂർ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് ഇനങ്ങൾ ഉപയോഗിക്കുന്നതിന് പെസോയുടെ പ്രത്യേക അനുമതി ഈ വർഷവും ലഭിച്ചതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. 30നാണ് പൂരം. 28ന് സാമ്പിൾ വെടിക്കെട്ട്. മേയ് ഒന്നിന് പുലർച്ചെയാണ് പ്രധാന വെടിക്കെട്ട്. അന്ന് പകൽ 12ന് ഉപചാരം ചൊല്ലലിനുശേഷം പകൽവെടിക്കെട്ടും നടക്കും.
വെടിക്കെട്ട് നടക്കുന്നിടത്തുനിന്ന് 100 മീറ്റർ അകലെ സുരക്ഷിതമായി വെടിക്കെട്ട് കാണുന്നതിന് ഇത്തവണ സൗകര്യം ഒരുക്കും.
വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലെ ജോസ് തിയറ്ററിന്റെ മുൻഭാഗം മുതൽ പാറമേക്കാവ് ക്ഷേത്രം വരെയുള്ള ഭാഗത്ത് റോഡിലും കുറുപ്പം റോഡ് മുതൽ എം.ജി റോഡ് വരെയുള്ള ഭാഗത്ത് റോഡ് കഴിഞ്ഞുള്ള നടപ്പാതക്ക് പുറത്തും കാണികൾക്ക് പ്രവേശനം അനുവദിക്കും.
സാമ്പിൾ വെടിക്കെട്ടിന് എം.ജി റോഡ് മുതൽ കുറുപ്പം റോഡ് വരെയും ജോസ് തിയറ്റർ മുതൽ പാറമേക്കാവ് വരെയുമുള്ള ഭാഗത്ത് റോഡിലേക്കും പ്രവേശനം നൽകും. റൗണ്ടിലെ സുരക്ഷിതമായ കെട്ടിടങ്ങളിൽനിന്നും വെടിക്കെട്ട് കാണാനും നിബന്ധനകൾക്കു വിധേയമായി അനുമതി നൽകുമെന്നാണ് അറിയുന്നത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ (ഫയൽ ചിത്രം)
തിടമ്പേറ്റാൻ ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
തൃശൂർ: കേരളത്തിലെ ഏറെ ആരാധകരുള്ള ആനയായിട്ടും തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ കഴിയാത്തവനെന്ന പേര് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിരുത്തുന്നു. തൃശൂർ പൂരത്തിൽ ആദ്യമായി രാമചന്ദ്രനും പങ്കെടുക്കും. രണ്ട് വർഷം മുമ്പ് വരെ പൂരവിളംബരമായ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിൽ മാത്രം പങ്കെടുത്തിരുന്ന രാമചന്ദ്രൻ കുറ്റൂർ നെയ്തലക്കാവിന് വേണ്ടിയാണ് ഇത്തവണ പൂരനാളിൽ തിടമ്പേറ്റുക. പൂര ദിവസം രാവിലെ 8.30ന് നാദസ്വരത്തിന്റെ അകമ്പടിയോടെ നടുവിലാലിലെത്തി 11 ആനകളോടെ മേളത്തോടെയുള്ള എഴുന്നെള്ളിപ്പിലാണ് രാമചന്ദ്രൻ തിടമ്പേറ്റുക. 2019ലാണ് പൂരത്തിന്റെ ഭാഗമായുള്ള തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിൽ രാമചന്ദ്രനെ പങ്കെടുപ്പിച്ചത്. അതും വിലക്ക് സാഹചര്യത്തിൽ ഒരു മണിക്കൂർ കർശന വ്യവസ്ഥകളോടെയായിരുന്നു എഴുന്നെള്ളിപ്പ്.
അതിന് മുമ്പ് 2015മുതലാണ് രാമചന്ദ്രൻ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിൽ പങ്കെടുത്തു തുടങ്ങിയത്.
ഇത് ജനകീയമായതും രാമചന്ദ്രന്റെ വരവോടെയായിരുന്നു. തൃശൂർ പൂരനാളിൽ തന്നെ നടക്കുന്ന കാട്ടകാമ്പാൽ പൂരത്തിലാണ് സാധാരണയായി രാമചന്ദ്രൻ പങ്കെടുക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

