ദുരന്തമുഖത്ത് പതറാതെ തൃശൂർ മെഡിക്കൽ കോളജ്
text_fieldsതൃശൂർ: ‘ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വലിയൊരു ശബ്ദം കേൾക്കുന്നത്. ആദ്യം കരുതിയത് ഭൂകമ്പമാണെന്നാണ്. അപ്പോഴാണ് പബ്ലിക് റിലേഷൻ ഓഫിസറിൽ നിന്നുള്ള ആ എമർജൻസി മെസ്സേജ് വരുന്നത്...’മുണ്ടത്തിക്കോട് വെടിക്കെട്ട് ഓർമകൾ പങ്കുവെക്കുമ്പോൾ തൃശൂർ മെഡിക്കൽ കോളജിലെ ഡെപ്യുട്ടി സൂപ്രണ്ടും ആർ.ആർ.ടി നോഡൽ ഓഫിസറായ എ.വി. സന്തോഷ് ഡോക്ടറുടെ വാക്കുകളിൽ അപകടത്തിന്റെ തീവ്രതയുണ്ട്. വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവർ കൂട്ടത്തോടെ എത്തിയപ്പോൾ ഒട്ടും പകയ്ക്കാതെ വലിയൊരു ദുരന്തത്തെ ഒത്തൊരുമയോടെയാണ് മെഡിക്കൽ കോളജ് നേരിട്ടത്. വലിയൊരു ദുരന്തം നടന്നതറിഞ്ഞ നിമിഷം തന്നെ ആശുപത്രിയിലെ റാപ്പിഡ് റെസ്പോൺസ് ടീമും കൺട്രോൾ റൂമും ഉണർന്നു പ്രവർത്തിച്ചതാണ് വൻ പ്രതിസന്ധി ഒഴിവാക്കിയത്.
അപകടവിവരം അറിഞ്ഞ ഉടനെ തന്നെ ഒരു റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു. സെക്യൂരിറ്റി വിഭാഗം, നഴ്സിംഗ് ഓഫീസർ, ആർ.എം.ഒ എന്നിവർക്ക് പുറമെ ജനറൽ മെഡിസിൻ, ഓർത്തോ സർജറി, അനസ്തേഷ്യ, എമർജൻസി മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാരും അടങ്ങുന്നതായിരുന്നു ഈ സംഘം. ഒരു നോഡൽ ഓഫീസറുടെ (ഡെപ്യൂട്ടി ഡോക്ടർ) കീഴിലായിരുന്നു ഈ ടീം പ്രവർത്തിച്ചത്.
അത്യാസന്ന നിലയിലുള്ളവർക്കായി ക്യാഷ്വാലിറ്റിയിലെ 'റെഡ് സോൺ' ആണ് പിന്നീട് സജ്ജമാക്കിയത്. ഇവിടെയുണ്ടായിരുന്ന 15 ബെഡുകളിലെയും എച്ച്.ഡി.യുവിലെയും അടിയന്തരമല്ലാത്ത മറ്റ് രോഗികളെ അതിവേഗം സുരക്ഷിതമായി മാറ്റി, റെഡ് സോൺ പൂർണമായും വെടിക്കെട്ട് ദുരന്തത്തിൽപ്പെട്ടവർക്കായി ഫ്രീയാക്കി നൽകി.
കുറഞ്ഞ പരിക്കുള്ളവർക്കായി ഗ്രീൻ, യെല്ലോ സോണുകളും സജ്ജീകരിച്ചു. പൊള്ളലേറ്റവർക്കായി രണ്ട് കോടിയോളം രൂപ ചിലവിട്ട് സജ്ജമാക്കിയ ബേൺസ് യൂനിറ്റ് ദുരന്തമുഖത്ത് വലിയൊരു ആശ്വാസമായി മാറി. രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതോടെ, നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമെ, ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള മുഴുവൻ സമയ എയർ കണ്ടീഷൻഡ് ബേൺസ് യൂനിറ്റിലേക്കും ചികിത്സ വേഗത്തിൽ വ്യാപിപ്പിച്ചു.
ഡോക്ടർമാർക്കും നഴ്സുമാർക്കും പുറമെ കുടുംബശ്രീ പ്രവർത്തകർ, സെക്യൂരിറ്റി ജീവനക്കാർ, ട്രോളി സ്റ്റാഫ്, ഓഫീസ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി 700ലധികം പേരാണ് ഒറ്റക്കെട്ടായി ആ രാത്രി മുഴുവൻ കർമനിരതരായത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഉറക്കം ഉപേക്ഷിച്ച് ദുരന്തബാധിതർക്കായി ആശുപത്രിയിൽ തുടർന്നു. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവർ നേരത്തെ തന്നെ ജോലിക്ക് ഹാജരായി പ്രവർത്തനങ്ങൾക്ക് വലിയ ഊർജം പകർന്നു. ഈ വലിയ മനുഷ്യച്ചങ്ങലയുടെ പിൻബലത്തിലാണ് ആശുപത്രിയിലെ സജ്ജീകരണങ്ങൾ നിമിഷങ്ങൾക്കകം പൂർത്തിയായത്. കേവലം ഒരു മെഡിക്കൽ സിസ്റ്റം മാത്രമല്ല, മനുഷ്യസ്നേഹത്തിന്റെ വലിയൊരു കൂട്ടായ്മ കൂടിയാണ് അന്ന് വിജയിച്ചത്. എത്ര വലിയ പ്രതിസന്ധിയുണ്ടായാലും അതിനെ നേരിടാൻ കെൽപ്പുള്ള, അർപ്പണബോധമുള്ള ഒരു വലിയ ആരോഗ്യ പ്രവർത്തകരുടെ നിര തൃശൂർ മെഡിക്കൽ കോളജിന് സ്വന്തമായുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആ ദുരന്തരാത്രിയിലെ ഇടപെടലുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

