ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്
text_fieldsഹൃദയ വാല്‍വ് മാറ്റിവെച്ച തൃശൂര്‍ മെഡിക്കല്‍ കോളജ് സംഘം
തൃശൂര്‍: ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവെച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ്.അക്കിക്കാവ് സ്വദേശിനിയായ 74 വയസ്സുള്ള വീട്ടമ്മക്കാണ് വാല്‍വ് മാറ്റിവെച്ചത്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് നടത്തിയത്. ചികിത്സയില്‍ പങ്കെടുത്ത മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.
നടക്കുമ്പോള്‍ കിതപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഇടക്കിടെ ബോധം കെട്ടുവീഴല്‍ എന്നീ രോഗലക്ഷണങ്ങളോട് കൂടിയാണ് 74കാരി കാര്‍ഡിയോളജി ഒ.പിയില്‍ വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഇവരുടെ ഹൃദയത്തിന്റെ അകത്തുള്ള അയോര്‍ട്ടിക് വാല്‍വ് വളരെ അധികം ചുരുങ്ങിയതായി കണ്ടെത്തി.
നെഞ്ചോ, ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലിലൂടെ കത്തീറ്റര്‍ എന്ന ഒരു ട്യൂബ് കടത്തി, ഒരു ബലൂണ്‍ ഉപയാഗിച്ച് ചുരുങ്ങിയ വാല്‍വ് വികസിപ്പിക്കുകയും തുടര്‍ന്ന് മറ്റൊരു കത്തീറ്റര്‍ ട്യൂബിലൂടെ കൃത്രിമ വാല്‍വ് ഹൃദയത്തിലേക്ക് എത്തിച്ച് അവിടെ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ടി.എ.വി.ആര് ചികിത്സ.
കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, ഡോക്ടര്‍മാരായ ആന്റണി പാത്താടന്‍, ബിജിലേഷ്, ഹരികൃഷ്ണ, നിതിന്‍, എന്നിവരും അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാരായ അമ്മിണികുട്ടി, അരുണ്‍ വര്‍ഗീസ്, ആതിര, ശ്രീലക്ഷ്മി എന്നിവരും അടങ്ങുന്ന സംഘം മൂന്നുമണിക്കൂറോളം കൊണ്ട് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി.
ഡോ. ഷഫീക്ക് മട്ടുമ്മല്‍, കാത്ത് ലാബ് ടെക്നീഷ്യന്മാരായ അന്‍സിയ, അമൃത, നഴ്സുമാരായ ബീന പൗലോസ്, രജനി, മീത്തു എന്നിവരും പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

