തൃശൂർ മെഡിക്കൽ കോളജിലെ അകത്തെ കാന്റീൻ ‘തകർത്ത്’ മുൻ കരാറുകാരൻ പുറത്ത് കാന്റീൻ തുറന്നു
text_fieldsതൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രി കാന്റീൻ നടത്തിപ്പുകാരനായിരുന്ന കരാറുകാരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സൂപ്രണ്ടിന് ആശുപത്രി വികസന സമിതിയംഗത്തിന്റെ പരാതി. കരാർ കാലാവധി പൂർത്തിയായതിനെ തുടർന്ന് ടെണ്ടർ നടപടികളിൽ പുറത്തായ മുൻ കരാറുകാരൻ മാലിന്യ ഓട സിമന്റ് ഇട്ട് അടച്ചുപൂട്ടിയെന്നും മേൽക്കൂര തുളച്ച് നശിപ്പിച്ചുവെന്നും ഇലക്ട്രിക് വയർ നശിപ്പിക്കുകയും സിന്റെക്സ് ടാങ്ക് തകർത്തുവെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമന്നും ആവശ്യപ്പെട്ട് ആശുപത്രി വികസന സമിതിയംഗവും മെഡിക്കൽ കോളേജിലെ മുൻ ജീവനക്കാരനുമായിരുന്ന കെ.എൻ.നാരായണനാണ് സൂപ്രണ്ടിന് പരാതി നൽകിയത്. മലപ്പുറം നിറമരുതൂർ സ്വദേശി ഹസൻ ആയിരുന്നു ആശുപത്രി വികസന സമിതിയുടെ കീഴിലുള്ള കാന്റീൻ നടത്തിപ്പിന് കരാറെടുത്തിരുന്നത്.
പുതിയ കരാറിനായി ടെണ്ടർ വിളിച്ചതിൽ ഇയാൾ പുറത്തായി. ഒഴിയുന്ന സമയത്ത് ആശുപത്രിയിലെ കാന്റീനയുമായി നിരവധി സാധനങ്ങൾ നശിപ്പിച്ചു. കാന്റീനിൽ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്ന ഓട സിമന്റിട്ട് അടച്ചു. ഇതോടെ കാന്റീൻ നിന്നുള്ള മലിന ജലം പോകുന്നതിന് തടസമായെന്നും പറയുന്നു. മെഡിക്കൽ കോളജിലെ കാന്റീൻ കരാറിൽ നിന്നും പുറത്തായ ഇയാൾ മെഡിക്കൽ കോളജ് കാമ്പസിലെ മോർച്ചറിയോട് ചേർന്നുള്ള പഴയ ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിൽ മറ്റൊരു കാന്റീൻ ഏറ്റെടുത്ത് നടത്തുകയാണ്.
ഇതിന് കരാർ നൽകുന്നത് മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ്. 2021ൽ കാന്റീൻ നടത്തിയിരുന്ന സമയത്ത് ആശുപത്രിയിലേക്ക് അടക്കേണ്ട തുക അടക്കാതെ വീഴ്ച വരുത്തി നഷ്ടമുണ്ടാക്കിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് ചർച്ചയിലൂടെ ഒത്തു തീർപ്പാവുകയായിരുന്നു. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് അന്വേഷണം നടത്താനും കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

