അഞ്ചാം ദിനം ബൂത്തിൽ: അടിയൊഴുക്ക് കാത്ത് മുന്നണികൾ, വീടുകയറി സ്ഥാനാർഥികൾ
text_fieldsപ്രതീകാത്മക ചിത്രം
തൃശൂർ: ഇന്നേക്ക് അഞ്ചാം ദിനം ജില്ല ബൂത്തിലേക്ക് പോകുമ്പോഴും ആവേശം ഉയരാതെ തെരഞ്ഞെടുപ്പ് രംഗം. വിവിധ മുന്നണികളുടെ പ്രമുഖ നേതാക്കൾ എത്തി പ്രചാരണം നടത്തുമ്പോഴും പ്രതീക്ഷിച്ചത്ര ആവേശമില്ലെന്ന് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ജനങ്ങളും ഒരുപോലെ പറയുന്നു. പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ റോഡുകളും മാർക്കറ്റുകളും അടക്കമുള്ള സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് ഫീൽ അനുഭവപ്പെടുന്നില്ല. വീടുകൾ കയറി വോട്ടർമാരെ നേരിൽക്കണ്ടും ബാക്കിയുള്ളവരെ ഫോണിൽ വിളിച്ചുമുള്ള പ്രവർത്തനങ്ങൾക്കാണ് സ്ഥാനാർഥികൾ പ്രാമുഖ്യം നൽകുന്നത്.
തൃശൂർ ജില്ലയുടെ തീരപ്രദേശ മേഖലയിലൂടെ വെള്ളിയാഴ്ച ‘മാധ്യമം’ നടത്തിയ യാത്രയിലും ആരവങ്ങളില്ലാത്ത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് ശ്രദ്ധയിൽപെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ തന്നെ വലിയ ബാനറുകളോ പോസ്റ്ററുകളോ റാലികളോ ഇല്ല. വാഹന അനൗൺസ്മെന്റും അപൂർവം. രാവിലെയും വൈകീട്ടും നടക്കുന്ന സ്ക്വാഡ് പ്രവർത്തനമാണ് പ്രധാനമായുമുള്ളത്. ജനങ്ങളിൽ തെരഞ്ഞെടുപ്പിനോടുള്ള നിസ്സംഗതയുണ്ടെന്നും ഡിസംബർ 11ന് ബൂത്തിൽ പരമാവധി പേരെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും വിവിധ മുന്നണികളുടെ സ്ഥാനാർഥികളും പ്രധാന പ്രവർത്തകരും ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, അടിയൊഴുക്കിന്റെ സൂചനകൾ പ്രകടമാണ്. തീരേദശ മേഖലയിൽ ബഹുഭൂരിഭാഗം എൽ.ഡി.എഫ് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളാണ്. കൊടുങ്ങല്ലൂർ, ഗുരുവായൂർ, ചാവക്കാട് മുനിസിപ്പാലിറ്റികളും ഭരിക്കുന്നത് എൽ.ഡി.എഫാണ്. ഇവിടെയെല്ലാം ഭരണം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ഇതിനായി അച്ചടക്കത്തോടെയുള്ള പ്രവർത്തനമാണ് നടത്തുന്നത്. അതേസമയം, ആറ് പഞ്ചായത്തിലധികം ഭരണം പിടിച്ചെടുക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.
ഗുരുവായൂർ, ചാവക്കാട് മുനിസിപ്പാലിറ്റികളിലും ഭരണം പ്രതീക്ഷിക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് വിമത ശല്യം കുറഞ്ഞതും തെരഞ്ഞെടുപ്പ് പ്രവർത്തനം നേരത്തേ ആരംഭിച്ചതും യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. സ്ഥാനാർഥികളുടെ മികവിലാണ് യു.ഡി.എഫ് പോരാട്ടം. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലും എടവിലങ്ങ് പഞ്ചായത്തിലും ഭരണം നേടുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്ക്.
നാല് പഞ്ചായത്തുകളിലും ഗുരുവായൂർ മുനിസിപ്പാലിറ്റിയിലും പ്രധാന പ്രതിപക്ഷമാകുമെന്ന കണക്കുകൂട്ടലുമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപി തരംഗത്തിന്റെ തുടർച്ച പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് ദിവസമായി സുരേഷ് ഗോപി കൊടുങ്ങല്ലൂരിൽ ക്യാമ്പ് ചെയ്ത് പ്രചാരണവും നയിക്കുന്നുണ്ട്.
അതേസമയം, അടിയൊഴുക്കുകളെ മൂന്ന് മുന്നണികളും ഭയപ്പെടുന്നുണ്ട്. ചില സ്ഥലങ്ങളിൽ ബി.ജെ.പി നിശ്ശബ്ദമാണ്. ഇത് ആരെ ബാധിക്കുമെന്ന ആശങ്കയാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും. ഇരുമുന്നണികളും ബി.ജെ.പി ബന്ധത്തെക്കുറിച്ച് പരസ്പരം പഴിചാരുന്നുമുണ്ട്. ശബരിമല സ്വർണക്കവർച്ച, രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗിക വിവാദം, പി.എം. ശ്രീ എന്നിവയെല്ലാം ചർച്ച ചെയ്യുന്നുണ്ടെങ്കിലും ജനങ്ങൾ വാർഡുകളിലെ അടിസ്ഥാന വിഷയങ്ങളാണ് കൂടുതലായി ഉയർത്തുന്നത്.
അനുദിനം ഉയരുന്ന ജീവിതച്ചെലവും പ്രചാരണ വിഷയമാകുന്നുണ്ട്. വർധിപ്പിച്ചത് അടക്കം രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകിയത് എൽ.ഡി.എഫിന് പ്രചാരണത്തിൽ നേരിയ മേൽക്കൈ നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രം നൽകിയതിലെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങൾ തിരിച്ചറിയുമെന്ന വാദമാണ് യു.ഡി.എഫും എൻ.ഡി.എയും ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

