തൃശൂർ-കുറ്റിപ്പുറം റോഡ് നിർമാണം; പുഴക്കൽ പാലം ഡിസംബർ 15ന് തുറക്കും
text_fieldsതൃശൂർ-കുറ്റിപ്പുറം റോഡിലെ പുഴക്കൽ പാലം നിർമാണം കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ വിലയിരുത്തുന്നു
തൃശൂർ: തൃശൂർ-കുറ്റിപ്പുറം റോഡിലെ പുഴക്കൽ പാലം ഡിസംബർ 15ന് തുറന്നുകൊടുക്കുമെന്ന് കെ.എസ്.ടി.പി ഉദ്യോഗസ്ഥർ. ഇതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. റോഡ് നിർമാണം ഡിസംബർ 30നകം പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചു.
പാറമേക്കാവ് മുതൽ കല്ലുംപുറം വരെ 33 കിലോമീറ്റർ റോഡിലെ എല്ലാ നിർമാണ പ്രവൃത്തികളും പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. റോഡ്, പാലം നിർമാണ പുരോഗതി വിലയിരുത്താനായി ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിച്ചു.
ഡി.ബി.എം നിർമാണവും പി.ക്യൂ.സി നിർമാണവും 99 ശതമാനം പൂർത്തിയായതായും കെ.എസ്.ടി.പി ഉദ്യോഗസ്ഥർ അറിയിച്ചു. ഓടയുടെ നിർമാണം, സംരക്ഷണ ഭിത്തി, ഷോൾഡർ ബലപ്പെടുത്തൽ, ബസ് ഷെൽട്ടർ നിർമാണം, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, ഫുട്പാത്ത് നിർമാണം എന്നിവ പുരോഗമിക്കുകയാണെന്നും കെ.എസ്.ടി.പി വ്യക്തമാക്കി.
പുഴക്കലിൽ നിർമാണം പുരോഗമിക്കുകയായിരുന്ന ചെറുപാലത്തിന്റെ പുരോഗതിയും കലക്ടർ വിലയിരുത്തി. ചെറുപാലത്തിന്റെ സ്ലാബ് നിർമാണം വേഗത്തിൽ പൂർത്തീകരിക്കുമെന്നും ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നും പ്രോജക്‌ട് മാനേജർ അറിയിച്ചു.
അയ്യന്തോൾ ജങ്ഷൻ മുതൽ ആര്യ ഹോട്ടൽ വരെയുള്ള കോൺക്രീറ്റ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചതായി കെ.എസ്.ടി.പി അറിയിച്ചു. പാറമേക്കാവ് മുതൽ കല്ലുംപുറം വരെയുള്ള റോഡിന്റെ രണ്ടാംഘട്ട ടാറിങ് 80 ശതമാനം പൂർത്തീകരിച്ചതായും അറിയിച്ചു.
ജില്ല കലക്ടറുടെ അധ്യക്ഷതയിൽ രൂപവത്കരിച്ച വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംയോജന സമിതി എല്ലാ മാസവും അവലോകനം നടത്തുന്നുണ്ട്.
ഷൊർണൂർ-കൊടുങ്ങല്ലൂർ റോഡ് നിർമാണപ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. കെ.എസ്.ടി.പി അസിസ്റ്റന്റ് എൻജിനീയർ കെ.എം. മനോജ്, കോൺട്രാക്ട് പ്രോജക്ട് മാനേജർ ശ്രീരാജ് എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

