കുറിഞ്ഞാക്കൽ ഇനി തുരുത്തല്ല; ഉദ്ഘാടനത്തിനൊരുങ്ങി പാലം
text_fieldsതൃശൂർ: കുറിഞ്ഞാക്കലിൻെറ ദുരിതയാത്രാ പർവത്തിന് പരിസമാപ്തി. നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് കുറിഞ്ഞാക്കലിനെ പുതൂർക്കരയുമായി ബന്ധിപ്പിക്കുന്ന പാലം. ജില്ലാ ആസ്ഥാനമായ അയ്യന്തോളിന് സമീപമെങ്കിലും പ്രധാന പാതയിലെത്താൻ വള്ളത്തെയോ, പുഴക്കൽ വഴി നാല് കിലോമീറ്റർ ചുറ്റലിനെയൊ ആശ്രയിച്ച കാലം ഇനി പഴങ്കഥ.
തുരുത്തിലെ 25 കുടുംബങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതോടൊപ്പം വികസനത്തിന്റെ മുഖ്യധാരയിലേക്ക് ഒരു പടി കൂടി അടുക്കുകയാണ് കുറിഞ്ഞാക്കൽ.
2018 ലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. 496.79 ലക്ഷം രൂപ വകയിരുത്തി നബാർഡ് ധനസഹായത്തോടെ കെ.എൽ.ഡി.സി
(കേരള ലാൻഡ് ഡെവലപ്മെൻറ് കോർപറേഷൻ)യാണ് നിർമ്മാണം പൂർത്തീകരിച്ചത്. 5.5 മീറ്റർ കാര്യേജ് വേയോടെ, 22 മീറ്റർ വീതിയുള്ള മൂന്ന് സ്പാനുകളിലാണ് പാലം. പാലം നിർമ്മാണത്തിനു മുൻപ് തുരുത്ത് നിവാസികളുടെ പ്രത്യേകിച്ച് സ്കൂൾ കുട്ടികളുടെ യാത്ര ദുരിതപൂർണമായിരുന്നു. ഒരു വഞ്ചിക്കടവ് മാത്രമായിരുന്നു ഏക യാത്രാമാർഗ്ഗം. മഴക്കാലത്ത് സ്ഥിതി കൂടുതൽ ദുരിതമാകും.
പാലം പൂർത്തിയായതോടെ തുരുത്തിലെ 1500 ഏക്കർ കൃഷിയിടത്തിലേക്കുള്ള യന്ത്രസാമഗ്രികളുടെയും ഉൽപന്നങ്ങളുടെയും നീക്കവും ആയാസരഹിതമാകും. വിനോദ സഞ്ചാര കേന്ദ്രമായി പുഴക്കൽ വളരുന്നതിൻെറ സാധ്യത കൂടി കണക്കിലെടുത്താണ് പാലം നിർമിച്ചത്.
പ്രളയങ്ങൾ നിർമാണ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയെങ്കിലും അതിജീവനത്തിന്റെ പ്രതീകമായിട്ടാണ് കെ.എൽ.ഡി.സി ഈ പാലം നിർമാണത്തെ കാണുന്നത്. പാല നിർമാണം പൂർത്തിയായതോടെ പ്രദേശത്തെ ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്താനാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

