കയ്പമംഗലത്ത് വീണ്ടും ചുവപ്പൻ വിജയഗാഥ
text_fieldsവിജയശ്രീലാളിതനായി ആഘോഷത്തിൽ പങ്കെടുക്കാൻ ശ്രീനാരായണ പുരത്തെത്തിയ കെ.കെ. വത്സരാജിനെ എൽ.ഡി.എഫ് ജില്ല കൺവീനർ പി.കെ. ചന്ദ്രശേഖരൻ അനുമോദിക്കുന്നു
കൊടുങ്ങല്ലൂർ: ഇത്തവണയും ചരിത്രം വഴിമാറിയില്ല. യു.ഡി.എഫ് തരംഗത്തിനിടയിലും കയ്പമംഗലത്ത് ചുവപ്പൻ വിജയഗാഥ രചിച്ച് എൽ.ഡി.എഫ്. ചെറിയൊരു ക്ഷീണത്തോടെയാണെങ്കിലും കയ്പമംഗലം നിയോജക മണ്ഡലം അതിന്റെ ഇടത് രാഷ്ട്രീയ മേധാവിത്വം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു. യു.ഡി.എഫ് മുന്നേറ്റത്തെ അതിജീവിച്ച് വിജയം ഉറപ്പിച്ച എൽ.ഡി.എഫ് പക്ഷെ ഭൂരിപക്ഷത്തിലും വോട്ട് നിലയിലും താഴോട്ട് പോയി. അതേസമയം, ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസറിന്റെ സ്ഥാനാർഥിത്വം സൃഷ്ടിച്ച ഓളത്തിൽ മണ്ഡലത്തിന്റെ ചരിത്രം തിരുത്താമെന്ന യു.ഡി.എഫ് പ്രതീക്ഷ പൂവണിഞ്ഞില്ല.
എന്നാൽ, മികച്ച മത്സരം കാഴ്ചവെച്ച ടി.എം. നാസറും കൂട്ടരും വോട്ട് നിലയിൽ മുന്നേറി. യു.ഡി.എഫ് കണക്ക് കൂട്ടലിലെ അസ്ഥാനത്താക്കി 9944 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. വത്സരാജ് മണ്ഡലത്തിൽ ചുവപ്പൻ വിജയം ആവർത്തിച്ചത്. ഇതാകട്ടെ അവരുടെ ബൂത്ത്തതല വോട്ട് കണക്കിനോട് ഏറക്കുറെ അടുത്ത് നിൽക്കുന്നതാണ്.
ആകാംക്ഷ മുറ്റി നിന്ന വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ടുകൾ എൽ.ഡി.എഫ് മുന്നേറിയപ്പോൾ യു.ഡി.എഫ് സ്വാധീനമേഖലയിലേക്ക് രണ്ടും മൂന്നും റൗണ്ടുകളിൽ നാസർ മുന്നിലെത്തി. എന്നാൽ, എൽ.ഡി.എഫ് ഭരണ കുത്തക നിലനിർത്തുന്ന പഞ്ചായത്തുകളിലേക്ക് കടന്നതോടെ 14-ാം റൗണ്ടുവരെ ക്രമാനുഗതമായി ലീഡ് ഉയർത്തിയ എൽ.ഡി.എഫ് വിജയം സ്വന്തമാക്കുകയായിരുന്നു. ആകെ വോട്ടിൽ 65,448 വോട്ടർമാർ വത്സരാജിനെ പിന്തുണച്ചപ്പോൾ 55,504 വോട്ട് ടി.എം. നാസർ നേടി. 19,688 വോട്ട് മാത്രമാണ് എൻ.ഡി.എയുടെ അതുല്യഘോഷിന് ലഭിച്ചത്. അതേസമയം, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൻ.ഡി.എയുടെ പ്രധാന ഘടകകക്ഷിയായ ബി.ജെ.പി 28,000ത്തിൽ പരം വോട്ട് നേടിയിരുന്നു. സാമുദായിക വോട്ടിന്റെ കൂടി പിന്തുണയോടെ ഇ.ടി. ടൈസൺ 22,698 വോട്ടിന്റെ ഭൂരിപക്ഷം നേടിയ 2021ൽ 73,161 ആയിരുന്ന എൽ.ഡി.എഫിന്റെ വോട്ട് നില.
യു.ഡി.എഫ് വോട്ട്നേട്ടം 50,463 ൽ 55,504 ലേക്ക് ഉയർത്താനും ടി.എം. നാസറിനായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കയ്പമംഗലത്തിന് സമാനമായ മതിലകം േബ്ലാക്ക് പരിധിയിൽ എൽ.ഡി.എഫ് 64,638, യു.ഡി.എഫ് 47,659, ബി.ജെ.പി 28,356 എന്നിങ്ങനെയായിരുന്നു വോട്ട് നില. മണ്ഡലം നിലനിർത്താനായതിൽ എൽ.ഡി.എഫും ഭരണം കിട്ടിയതിൽ യു.ഡി.എഫ് പ്രവർത്തകരും വിളയാഹ്ലാദം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
