തൃശൂർ ഇനി ഇ-ഓഫിസ് ജില്ല
text_fieldsതൃശൂർ: റവന്യൂ വകുപ്പിലെ ഇ-സേവനങ്ങൾ കൈകാര്യം ചെയ്യാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുമെന്ന് മന്ത്രി കെ. രാജൻ. ഇ-സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിപുല പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശൂരിനെ ഇ-ഓഫിസ് ജില്ലയായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇ-സാക്ഷരതയിൽ വിപുലമായ മുന്നേറ്റം തുടരുന്നതോടെ സേവനങ്ങൾ സമ്പൂർണ ഡിജിറ്റലൈസ്ഡ് ആകുന്ന ആദ്യ വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പിന്റെ ഇ-ഓഫിസ് സംവിധാനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ എം.പി ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. ജില്ലയെ ഇ-ഓഫിസ് ആക്കാൻ പ്രയത്നിച്ച ഉദ്യോഗസ്ഥർക്കുള്ള പ്രശംസപത്രം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് വിതരണം ചെയ്തു.
ജില്ല ആസൂത്രണ ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കലക്ടർ ഹരിത വി. കുമാർ സ്വാഗതവും അഡീഷനൽ ജില്ല മജിസ്ട്രേറ്റ് റെജി പി. ജോസഫ് നന്ദിയും പറഞ്ഞു. ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ സി.ഡബ്ല്യു. ബർക്വിൻസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അസി. കലക്ടർ വി.എം. ജയകൃഷ്ണൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽ ഇ-ഓഫിസ് ജില്ലയായി പ്രഖ്യാപിക്കുന്ന നാലാമത്തെ ജില്ലയാണ് തൃശൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

