തൃശൂർ ജില്ലയിൽ ശനിയാഴ്ച പെയ്തത് 43.83 മില്ലി മീറ്റർ മഴ
text_fieldsതൃശൂർ: ജില്ലയിൽ ശനിയാഴ്ച പെയ്തത് 43.83 മില്ലി മീറ്റർ മഴ. വിവിധയിടങ്ങളിൽ മഴക്കെടുതിയും ഉണ്ടായി. പുത്തൻചിറ കൊമ്പത്ത് കടവ് ആലയിൽ ജോഷിയുടെ വീടിന്റെ സിറ്റൗട്ടിലേക്ക് മണ്ണിടിഞ്ഞുവീണു. വീണ്ടും മണ്ണിടിച്ചിൽ ഭീഷണി നിലവിലുള്ള സാഹചര്യത്തിൽ ഈ കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. പുത്തൂർ എട്ടാം വാർഡ് കൂട്ടുവളപ്പിൽ ബാലൻ കെ. നായരുടെ മകൻ സുരേഷ് കുമാറിന്റെ പുരയിടത്തിലുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു.
കിണർ പുരയിടത്തിനോട് ചേർന്ന് നിൽക്കുന്നതിനാൽ വീട്ടുകാരെ മാറ്റി താമസിച്ചു. പടിയൂർ വില്ലേജിൽ അടിപറമ്പിൽ വിജേഷിന്റെ വീടിന് കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിൽ ഭാഗികമായി നാശാനഷ്ടം സംഭവിച്ചു. പുതുക്കാട്ടിൽ കുട്ടന്റെ മകൻ രവിചന്ദ്രന്റെ വീടിനും നാശാനഷ്ടം സംഭവിച്ചു. പൂമല ഡാമിന്റെ നാല് ഷട്ടറുകൾ 2.5 സെന്റിമീറ്റർ വീതം തുറന്നു.