ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയത് ഒരു കേസിൽ മാത്രം
text_fieldsതൃശൂർ: ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസിൽ പരാതിക്കാരെ സാക്ഷികളാക്കിയെന്ന് ആക്ഷേപം. വ്യാഴാഴ്ച പരാതിയിൽ മൊഴിനൽകാൻ വിളിപ്പിച്ച നാലുപേരെ ഒരു പരാതിയിൽ സാക്ഷികളാക്കിയാണ് മൊഴിയെടുത്തത്. 60ലധികം പരാതികളെത്തിയതിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇതുവരെ നടപടികളിലേക്ക് കടന്നത് ഒരു പരാതിയിൽ മാത്രം.
സ്ഥാപന ഉടമകളായ വടൂക്കര പാണഞ്ചേരി ജോയ്, ഭാര്യ കൊച്ചുറാണി, ഡയറക്ടർമാരായ മക്കൾ എന്നിവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പണം നഷ്ടപ്പെട്ടവരുടെ പ്രതിഷേധം ശക്തമാവുന്നതിനിടയിലായിരുന്നു മൊഴിയെടുക്കാനെത്തണമെന്ന് പരാതിക്കാർക്ക് അന്വേഷണ സംഘം നിർദേശം നൽകിയത്. പരാതി നൽകി ആഴ്ചകളായെങ്കിലും ഇതുവരെ മൊഴിയെടുത്തിരുന്നില്ല.
സ്ഥാപന ഉടമകൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന പൊലീസിന്റെ പതിവ് മറുപടിക്കിടെ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. പ്രതിഷേധം ശക്തമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന നിക്ഷേപകരുടെ യോഗം തീരുമാനിച്ചിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച ജാമ്യഹരജിയിലെ തീരുമാനമറിഞ്ഞ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം. 200 കോടിയോളം തട്ടിയെടുത്തുവെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

