കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു
text_fieldsതൃശൂർ: എഴുത്തുകാരി കെ.ആർ. മീരയുടെ ‘കലാച്ചി’ നോവലിനെതിരെ ഉയർന്ന സാഹിത്യ മോഷണ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ സമർപ്പിച്ച ക്രിമിനൽ അപകീർത്തി പരാതി തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാജശ്രീ രാജ്ഗോപാൽ സ്വീകരിച്ചു.
ചൊവ്വാഴ്ചയാണ് പരാതി സമർപ്പിച്ചത്. പരാതിക്കാരിയുടെ സത്യവാങ്മൂലം രേഖപ്പെടുത്തുന്നതിനായി കേസ് നവംബർ ഏഴിലേക്ക് മാറ്റി.
ഹരിത സാവിത്രി 2026 മേയ് അഞ്ചിന് പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റും തുടർന്നുണ്ടായ സമൂഹമാധ്യമ പ്രതികരണങ്ങളും ചാനൽ അഭിമുഖങ്ങളും വഴി ‘കലാച്ചി’ നോവലിന്റെ മൗലികതയെ ചോദ്യം ചെയ്യുകയും കെ.ആർ. മീരയുടെ സാഹിത്യപ്രതിച്ഛായക്ക് ഗുരുതര ക്ഷതം വരുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. നോവലിന്റെ രചനാപരമായ ആശയം 2013 മുതൽ രൂപപ്പെട്ടതാണെന്നും 2020 നവംബർ 16 മുതൽ ട്രൂകോപ്പി തിങ്കിൽ ഇതേ പേരിൽ നോവലിന്റെ ആദ്യ ആറ് അധ്യായങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
നോവലിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലവും പ്രധാന പ്രമേയങ്ങളും വർഷങ്ങൾക്ക് മുമ്പുതന്നെ പൊതുസമൂഹത്തിന് ലഭ്യമായിരുന്നുവെന്നതിന് രേഖകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളും പരോക്ഷ സൂചനകളും വഴി ഒരു എഴുത്തുകാരിയുടെ വർഷങ്ങളായുള്ള സർഗാത്മക അധ്വാനത്തെയും സാഹിത്യവിശ്വാസ്യതയെയും പൊതുസമൂഹത്തിൽ സംശയ നിഴലിലാക്കിയെന്നാണ് പരാതിയിലെ ആക്ഷേപം. അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ മുഖേനയാണ് കെ.ആർ. മീര കോടതിയെ സമീപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
