Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ കോ​ർ​പ​റേ​ഷ​ൻ...

തൃശൂർ കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ച്ചു; സമഗ്ര നഗര വികസനത്തിന് 1000 കോടി

text_fields
bookmark_border
thrissur corporation office
cancel
Listen to this Article

തൃശൂര്‍: നഗരത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 1000 കോടി രൂപയുടെ ചെലവ് വരുന്ന പദ്ധതി നിർദേശങ്ങളുമായി കോർപറേഷൻ ബജറ്റ്. പശ്ചാത്തല മേഖലക്കും കുടിവെള്ളത്തിനുംകൂടി 500 കോടി രൂപ മാറ്റിവെക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അവതരിപ്പിച്ചത്. കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം ബജറ്റും ഡെപ്യൂട്ടി മേയർ അവതരിപ്പിച്ചു.

മാസ്റ്റര്‍ പ്ലാന്‍, ആധുനിക രീതിയിലുള്ള റോഡുകള്‍, വടക്കുംനാഥ ക്ഷേത്ര പരിസരത്തെ ഗോക്കളുടെ സംരക്ഷണം, മാലിന്യ സംസ്കരണം, ഐ.ടി മേഖല, ഉൽപാദന മേഖല തുടങ്ങി സർവതല മേഖലകളെയും സ്പര്‍ശിച്ചാണ് തുടർഭരണത്തിലെ ഇടതുമുന്നണിയുടെ രണ്ടാം ബജറ്റ്. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

പശ്ചാത്തല മേഖലക്ക് 300 കോടി

ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയത് പശ്ചാത്തല മേഖലക്കാണ്. ഡിവിഷനുകളിൽ കൗണ്‍സിലര്‍മാര്‍ നിർദേശിക്കുന്ന ഒരോ റോഡും ബി.എം.ബി.സി രീതിയില്‍ നിര്‍മിക്കും. കൂടാതെ നഗരത്തിലെ പ്രധാന റോഡുകളായ സ്വരാജ് റൗണ്ട്, എം.ഒ റോഡ് മുതല്‍ ശക്തന്‍ പ്രതിമ വരെ, ഇക്കണ്ട വാര്യര്‍ റോഡ്, എം.ജി റോഡ്, ഷൊര്‍ണൂര്‍ റോഡ്, കുറുപ്പം റോഡ് മുതല്‍ കൂര്‍ക്കഞ്ചേരി വരെ, ഫാ. വടക്കന്‍ റോഡ്, അഴീക്കോടന്‍ രാഘവന്‍ റോഡ്, ടി.ബി. റോഡ് എന്നിവ ബി.എം.ബി.സി റോഡുകളാക്കും.

'ദാഹം തീർക്കാൻ' 200 കോടി

കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് 200 കോടി രൂപയാണ് വകയിരുത്തിയത്. അമൃത് രണ്ട് പദ്ധതി പ്രകാരം കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വേണ്ട പ്രവര്‍ത്തനങ്ങളാണ് നടത്തുക.

മാസ്റ്റര്‍ പ്ലാനിന് 50 ലക്ഷം

നഗരത്തിന്റെ വികസനത്തിന്റെ നാഴിക കല്ലാകുന്ന മാസ്റ്റര്‍ പ്ലാനിന് വേണ്ടി 50 ലക്ഷം രൂപയാണ് വകയിരുത്തിയത്. അമൃത് പദ്ധതിയുമായി ബന്ധപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കും.

ഗോസംരക്ഷണത്തിന് വിഹിതം

വടക്കുംനാഥ ക്ഷേത്ര പരിസരത്തെ ഗോക്കളുടെ സംരക്ഷണത്തിന്റെ തുടര്‍പ്രവര്‍ത്തനത്തിന് 10 ലക്ഷം രൂപ വകയിരുത്തി.

ഓണ്‍ലൈന്‍ പ്രവര്‍ത്തനം

കോര്‍പറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനാക്കാനുള്ള പ്രവര്‍ത്തനത്തിന് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒന്നാം ഘട്ടമായി ഓഫിസ് പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കും.

മാലിന്യ സംസ്കരണം

മാലിന്യ സംസ്കരണം, ശുചിത്വം, ആരോഗ്യം എന്നിവക്കായി 160 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. 40 ശതമാനം വീടുകളില്‍നിന്ന് കൂടി 2023 മാര്‍ച്ച് 31 നകം മാലിന്യം എടുക്കുന്ന പ്രവര്‍ത്തനം നടത്തും.

മറ്റു പദ്ധതികൾ

 • ജനറല്‍ ആശുപത്രി - അഞ്ച് കോടി
 • ചേറ്റുപുഴ മേഖലയിലേക്ക് പുതിയ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്‍, പുതിയ പമ്പ് - 10 കോടി
 • പീച്ചിയില്‍നിന്ന് പുതിയ പൈപ്പുകള്‍ സ്ഥാപിക്കല്‍ - 65 കോടി
 • വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ട്രാന്‍സ്ജന്റേഴ്സിനും സ്വരാജ് റൗണ്ടില്‍ സൗജന്യ ബസ് യാത്ര
 • അമ്പത് വയസ്സിന് മുകളിലുള്ള ആയിരം വിധവകള്‍ക്ക് തൊഴില്‍ പരിശീലനം
 • റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക് ഓണാഘോഷത്തിന് 10,000 രൂപ
 • കോക്കാലെയില്‍ സീവറേജ് പ്ലാന്റ്
 • ശക്തന്‍ നഗറില്‍ ആധുനിക ഇന്‍സിനറേറ്റര്‍
 • ഭിന്നശേഷി സൗഹൃദ നഗരം
 • കോര്‍പറേഷന്‍ പിരധിയിലെ 13 ജങ്ഷനുകളുടെ വികസനം
 • നായ്ക്കനാല്‍, നടുവിലാല്‍, കുരിയച്ചിറ സബ് വേ
 • വഞ്ചിക്കുളം പാര്‍ക്ക് ആൻഡ് ടൂറിസം പദ്ധതി
 • അഞ്ച് പുതിയ പകല്‍ വീടുകള്‍
 • പട്ടിണിരഹിത തൃശൂരിന്റെ ഭാഗമായി ഭക്ഷണത്തിന് കാത്തുനില്‍ക്കുന്നവര്‍ക്ക് ആധുനിക ഭക്ഷണശാല
 • യുവജന ക്ഷേമത്തിന് 10 കോടി
 • മേയേഴ്സ് ട്രോഫി ഏർപ്പെടുത്തും
 • പട്ടികജാതി ക്ഷേമത്തിന് 15 കോടി
 • സാംസ്കാരിക മേഖലക്ക് അഞ്ച് കോടി
 • വിദ്യാഭ്യാസ മേഖലക്ക് ഏഴ് കോടി
 • ലൈഫ് പദ്ധതിക്ക് 30 കോടി

അവതരണം തടഞ്ഞ് കോൺഗ്രസ്; കൗൺസിലിൽ കൈയാങ്കളി

തൃശൂര്‍: കോര്‍പറേഷന്‍ ബജറ്റ് അവതരണത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളി. മേയറുടെ ബജറ്റിന് മുമ്പുള്ള ആമുഖ പ്രസംഗവും ഡെപ്യൂട്ടി മേയറുടെ ബജറ്റ് അവതരണവും പ്രതിപക്ഷം തടയാൻ ശ്രമിച്ചു. പ്രതിപക്ഷാംഗങ്ങളെ നേരിടാൻ സി.പി.എം നേതാവ് വര്‍ഗീസ് കണ്ടംകുളത്തിയുടെ നേതൃത്വത്തില്‍ ഭരണകക്ഷിയംഗങ്ങൾ എത്തിയതോടെ കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമായി. സംഘർഷത്തിനിടയിൽ പ്രതിപക്ഷത്തെ ജയപ്രകാശ് പൂവ്വത്തിങ്കലും മുകേഷ് കുളപറമ്പിലും ലാലി ജെയിംസും നിലത്തു വീണു. മൈക്ക് വെച്ചിരുന്ന മേശയും മറിച്ചിട്ടു. ഉന്തിലും തള്ളിലും കൗണ്‍സിലര്‍മാര്‍ക്ക് നിസ്സാര പരിക്കേറ്റു. ഡെപ്യൂട്ടി മേയർ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷാംഗങ്ങൾ കോപ്പി കീറിയെറിഞ്ഞു.

ബജറ്റവതരിപ്പിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ അമൃത് മാസ്റ്റര്‍ പ്ലാന്‍ കരട് രേഖ കൗണ്‍സില്‍ അറിയാതെ കേന്ദ്ര സര്‍ക്കാറിന് അയച്ചുകൊടുത്തിട്ടുണ്ടോയെന്ന് മേയര്‍ പറയണമെന്നാവശ്യപ്പെട്ടു. എന്നാല്‍, മേയര്‍ ഇതിനു മറുപടി പറയാതെ നേരെ ബജറ്റവതരിപ്പിക്കാന്‍ ശ്രമിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മേയറെ വളഞ്ഞു. ബഹളത്തിനിടയിലും മേയര്‍ ബജറ്റ് ആമുഖ പ്രസംഗം വായിക്കാന്‍ തുടങ്ങിയെങ്കിലും പ്രതിപക്ഷ അംഗങ്ങൾ മേയറുടെ കസേര പിടിച്ചു വലിക്കുകയും മേയറെ ഉന്തുകയും ചെയ്തതോടെ തന്നെ ഉപദ്രവിക്കുകയാണെന്ന് ഉറക്കെ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.

ഭരണകക്ഷിയിലെ വനിത കൗണ്‍സിലര്‍മാര്‍ വലയം തീര്‍ത്ത് സംരക്ഷണം നൽകിയതോടെയാണ് ഡെപ്യൂട്ടി മേയര്‍ ബജറ്റവതരിപ്പിച്ചത്. ഡെപ്യൂട്ടി മേയറുടെ മൈക്ക് ഭരണകക്ഷിയംഗങ്ങള്‍ വലിച്ചെറിഞ്ഞു. പിന്നീട് വേറെ മൈക്ക് ലഭ്യമാക്കി ബജറ്റ് അവതരണം പൂർത്തിയാക്കുകയായിരുന്നു.

കോൺഗ്രസിന് അവിശ്വാസം പരാജയപ്പെട്ടതിന്‍റെ ജാള്യത -മേയർ

തൃശൂർ: അവിശ്വാസം പരാജയപ്പെട്ട കോൺഗ്രസിന്റെ ജാള്യതയാണ് കോർപറേഷൻ ബജറ്റ് അവതരണത്തിൽ സംഘർഷമുണ്ടാക്കിയതിന് പിന്നിലെന്ന് മേയർ എം.കെ. വർഗീസ്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് കൗൺസിലർമാർക്കെതിരേ നടപടി ഉണ്ടാകുമെന്നും മേയർ അറിയിച്ചു.

മേയറെയും ബജറ്റവതരിപ്പിക്കുമ്പോൾ ഡെപ്യൂട്ടി മേയറെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. മൈക്ക് വലിച്ച് പ്രസംഗം തടസ്സപ്പെടുത്തുകയും ആമുഖ പ്രസംഗം കീറിയെറിയുകയും ചെയ്ത പ്രതിപക്ഷത്തിന്‍റെ രീതി അംഗീകരിക്കാനാകില്ല. പ്രതിപക്ഷ നേതാവിനെ കൂടാതെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജയിംസ്, എ.കെ. സുരേഷ് എന്നിവരാണ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതെന്ന് മേയർ പറഞ്ഞു.

അമൃത് സിറ്റി മാസ്റ്റർ പ്ലാൻ കേന്ദ്ര സർക്കാരിന് അയച്ചെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം പച്ചക്കള്ളമാണ്. മാസ്റ്റർ പ്ലാൻ നിയമപ്രകാരം തയാറാക്കുന്നതേയുള്ളു. മാസ്റ്റർ പ്ലാനിന്‍റെ കരട് കൗൺസിൽ അംഗീകരിച്ചാൽ മാത്രമേ തുടർ നടപടികളുണ്ടാകു. അഴിമതിയുണ്ടെങ്കിൽ അത് തെളിയിക്കണമെന്നും മേയർ വെല്ലുവിളിച്ചു.

വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. ഷാജൻ, സാറാമ്മ റോബ്സൺ, വർഗീസ് കണ്ടംകുളത്തി, ഷീബ ബാബു, സി.പി. പോളി എന്നിവരും പങ്കെടുത്തു.

കരട് മാസ്റ്റർ പ്ലാൻ കേന്ദ്രത്തിന് അയച്ചെന്ന് ഡെപ്യൂട്ടി ടൗൺ പ്ലാനർ

തൃശൂർ: അമൃത് സിറ്റി മാസ്റ്റർ പ്ലാൻ കേന്ദ്ര സർക്കാറിന് സമർപ്പിച്ചെന്ന് കൗൺസിൽ യോഗത്തിൽ ടി.പി.ഒ സമ്മതിച്ചു. കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി ടൗൺ പ്ലാനർ ജീവ നിസ ആണ് നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയലിന്റെ ചോദ്യത്തിന് കരട് മാസ്റ്റർപ്ലാൻ കേന്ദ്ര സർക്കാരിന് അയച്ചു കൊടുത്തതായി പറഞ്ഞത്. ടൗൺ കൺട്രി പ്ലാനിങ് ഓർഗനൈസേഷൻ വിഭാഗത്തിനാണ് കരട് മാസ്റ്റർപ്ലാൻ അയച്ചു കൊടുത്തിട്ടുള്ളത്. ഇതോടെ പ്രതിപക്ഷത്തിന്റെ വാദം ശരിയായെന്നും സി.പി.എം വാദം പൊളിഞ്ഞെന്നും ജോൺ ഡാനിയൽ പറഞ്ഞു.

Show Full Article
TAGS:Thrissur Thrissur Corporation Thrissur Corporation budget 
News Summary - Thrissur Corporation budget
Next Story